പാലക്കാട്: ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കൂടുതലായി എന്ത് സൗകര്യമാണെന്ന് വേണ്ടതെന്ന് ചോദിച്ചാൽ എന്ത് സൗകര്യമാണ് ഉള്ളതെന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും തിരിച്ചു ചോദിക്കുക. ഒരു കെട്ടിടവും കുറച്ചു കസേരകളും മാത്രം; അതാണ് മുനിസിപ്പൽ ബസ് ടെർമിനൽ.
മഴ പെയ്താൽ കാറ്റടിച്ച് വെള്ളം മുഴുവൻ ദേഹത്താകും. മഴവെള്ളം മുഴുവൻ കെട്ടിക്കിടക്കുന്നതും സ്റ്റാൻഡിൽ തന്നെ.
വി.കെ.ശ്രീകണ്ഠൻ എം.പിയുടെ 2019-2020 വർഷത്തെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് മിനിസിപ്പൽ ബസ് ടെർമിനൽ നിർമ്മിച്ചത്. 2023 മാർച്ച് 06ന് നിർമ്മാണോദ്ഘാടനവും നടത്തി. രണ്ട് കോടിയായിരുന്നു അടങ്കൽ തുക.
ഇരുട്ടിയാൽ സാമൂഹ്യ വിരുദ്ധരുടെ താവളം
നേരമിരുട്ടിയാൽ മിനിസിപ്പൽ ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഭിക്ഷയാചിക്കുന്നവരും തെരുവുകളിൽ കച്ചവടം നടത്തുന്നവരും സ്റ്റാൻഡിലാണ് കിടന്നുറങ്ങുന്നത്. അപരിചിതരും അക്കൂട്ടത്തിലുണ്ട്. മദ്യപാനമടക്കമുള്ള ലഹരി ഉപയോഗവും വഴക്കും അടിപിടിയും അവർക്കിടയിൽ പതിവാണ്.
തുറക്കാത്ത വാതിലുകൾ
ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിയുമ്പോഴും സ്റ്റാൻഡിനകത്തെ പല വാതിലുകളും താഴിട്ടുതന്നെയാണ് കിടക്കുന്നത്. പൊലീസ് എയ്ഡ് പോസ്റ്റും അമ്മമാർക്ക് മുലയൂട്ടാനുള്ള മുറിയും ഇപ്പോഴും സ്ഥിരമായി തുറന്നിട്ടില്ല. വല്ലപ്പോഴും മാത്രമാണ് പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കുന്നത്. അതും അധിക സമയം ഉണ്ടാവാറില്ല. സ്റ്റാൻഡിനകത്ത് നിർമ്മിച്ചിട്ടുള്ള കടകളും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. നഗരസഭ വലിയ തുകയ്ക്കാണ് ടെൻഡർ വിളിക്കുന്നത്. ഇതാണ് കടയെടുക്കാൻ ആരും വരാത്തതിനു കാരണമെന്ന് വ്യാപാരികൾ പറയുന്നു.
കുന്നുകൂടുന്ന മാലിന്യം
സ്റ്റാൻഡിന്റെ താഴെ ഭാഗം നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ വൃത്തിയാക്കാറുണ്ടെങ്കിലും മുകൾഭാഗവും പരിസരവും വൃത്തിഹീനമാണ്. ഇലക്ട്രിക്കൽ റൂമിലടക്കം മാലിന്യം കുന്നുകൂടുന്നുണ്ട്. പരിസരപ്രദേശങ്ങളിൽ ബാഗുകളിലും കവറുകളിൽ കെട്ടിയുമാണ് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്. സ്റ്റാൻഡിൽ ഉറങ്ങാനെത്തുന്നവർ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും സ്റ്റാൻഡിന്റെ അകത്താണ് ഉപേക്ഷിക്കുന്നത്.
അനധികൃത പാർക്കിംഗ്
മുനിസിപ്പൽ സ്റ്റാൻഡിൽ ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് അനധികൃതമായിട്ടാണ് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വാഹനങ്ങൾ സ്റ്റാൻഡിൽ നിറുത്തിയ ശേഷം ഉടമകൾ അടുത്തുള്ള കടകളിലേക്കോ മറ്റോ പോയാൽ ബസിന് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതാകും. ഇതേച്ചൊല്ലി വഴക്കു പതിവാണെന്നും ബസ് ജീവനക്കാർ പറഞ്ഞു.
അനാവശ്യ പടിക്കെട്ട്
പടിക്കെട്ടിനു താഴെ നിർമ്മിച്ചിരിക്കുന്ന ഭാഗത്ത് കാൽ തടഞ്ഞ് വീണ് കഴിഞ്ഞ മാസം വയോധികന് മൂക്കിന് പരുക്കേറ്റിരുന്നു. അദ്യം നിർമ്മിച്ച് കഴിഞ്ഞതിന് ശേഷം വീണ്ടും നീളം കൂട്ടി നിർമ്മിച്ചു. അപകടക്കെണിയാകാൻ അങ്ങനെ ഒരു നിർമ്മിതിയുടെ ആവശ്യം അവിടെയുണ്ടോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
കോട്ടായി വഴി വരുന്ന ബസുകൾ സ്‌റ്റേഡിയം സ്റ്റാൻഡിലേക്കാണ് നേരെയെത്തുക. കോങ്ങാട് പോവണമെങ്കിൽ അവിടെ നിന്ന് 40 രൂപക്ക് ഓട്ടോ വിളിച്ച് വേണം സ്റ്റാൻഡിലെത്താൻ. അത് വലിയ ബുദ്ധിമുട്ടാണ്. തിരിച്ച് വരികയാണെങ്കിലും അതുപോലെയാണ്. വളരെ ചുരുക്കം ബസ്സുകളാണ് ഇതുവഴി വരുന്നത്. അത് അറിയാത്തവരാണെങ്കിൽ ബുദ്ധിമുട്ടും.
-സൈഫുന്നീസ, യാത്രക്കാരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |