കൊച്ചി: എറണാകുളം കേന്ദ്രമായി വീണ്ടും അവയവക്കച്ചവടത്തട്ടിപ്പ്. വൃക്ക തരപ്പെടുത്തി തരാമെന്ന ഉറപ്പിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ വ്യാജലെറ്റർപാഡ് ചമച്ച് കൊച്ചിയിലെ ഇടനിലക്കാരൻ തട്ടിയത് 50ലക്ഷംരൂപ. തമിഴ്നാട് വംശജനായ മലേഷ്യൻ സ്വദേശിയിൽനിന്നാണ് പണം കൈപ്പറ്റിയത്. വൃക്കലഭിക്കാതെ ശസ്ത്രക്രിയ മുടങ്ങിയ 63കാരനായ മലേഷ്യൻ സ്വദേശി ഗുരുതര നിലയിലാണ്.
എറണാകുളം നോർത്ത് കതൃക്കടവിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന സാദിഖ് എന്നയാൾ രണ്ട് തവണയായി 50ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മലേഷ്യയിൽ താമസിക്കുന്ന ഇളവരശനാണ് തട്ടിപ്പിനിരയായത്. കോയമ്പത്തൂർ ആശുപത്രിയിൽ വൃക്കയുൾപ്പെടെ ശസ്തക്രിയയ്ക്ക് ആവശ്യമായ എല്ലാ സഹായവും തരപ്പെടുത്താമെന്ന് പറഞ്ഞാണ് പണംവാങ്ങിയത്. വർഷങ്ങളായി ഡയാലിസിസിന് വിധേയനാകുന്ന ഇളവരശൻ തമിഴ്നാട് സ്വദേശിയായ ശരവണൻ മുഖേനയാണ് സാദിഖിനെ ബന്ധപ്പെടുന്നത്.
കോയമ്പത്തൂർ ആശുപത്രിയുടെ പേരിലാണ് സാദിഖ് ലെറ്റർപാഡുകളും രേഖകളും കൈമാറിയത്. ആദ്യം 5 ലക്ഷം രൂപ നേരിട്ട് കൈപ്പറ്റി. 45ലക്ഷംരൂപ ബാങ്ക് വഴിയാണ് കൈമാറ്റംചെയ്തത്. അവയവമാറ്റവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നേരിട്ട് എത്തിയാൽ മതിയെന്നാണ് സാദിഖ് നൽകിയ നിർദ്ദേശം. ഇതുപ്രകാരം കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് രേഖകളും ലെറ്റർപാഡുകളും വ്യാജമാണെന്ന് ഇളവരശനും കുടുംബവും തിരിച്ചറിഞ്ഞത്.
ആരോഗ്യനില ഗുരുതരമായ ഇളവരശൻ നിലവിൽ കോയമ്പത്തൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെയാണ് സഹോദരി ഇളവരശി മകനും ഡ്രൈവർക്കുമൊപ്പം സാദിഖിനെ അന്വേഷിച്ച് എറണാകുളത്ത് എത്തിയത്. സാദിഖിന്റെ ഫ്ലാറ്റിൽ എത്തിയെങ്കിലും കാണാനായില്ല. ഫ്ലാറ്റിൽ ബഹളമുണ്ടാക്കുന്നതായി സാദിഖിന്റെ ഭാര്യയുടെ പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പൊലീസ് ഇളവരശിയെയും കൂട്ടരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് പോയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് ഇവർ വെളിപ്പെടുത്തിയത്. പണം തിരിച്ചുനൽകാമെന്ന സാദിഖിന്റെ ഉറപ്പിലാണ് തങ്ങൾ എത്തിയതെന്നും ഇവർ പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇളവരശനും കുടുംബവും കോയമ്പത്തൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് നോർത്ത് എസ്.എച്ച്.ഒ അനൂപ് പറഞ്ഞു. സിവിൽകേസും നിലവിലുണ്ട്. സാദിക്ക് എറണാകുളത്ത് ഇല്ലെന്നാണ് സൂചന. പണം തിരിച്ചുകിട്ടാതെ മടങ്ങില്ലെന്ന് ഇളവരശിയും കുടുംബവും വ്യക്തമാക്കി. സാദിഖിനെ പരിചയപ്പെടുത്തിയ ശരവണനെയും വൃക്ക തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് സാദിഖ് കബളിപ്പിച്ചതായി സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |