SignIn
Kerala Kaumudi Online
Monday, 21 September 2026 12.44 PM IST

കാനനപാതയായി കൊടിതൂക്കിമല റോഡ്

4444

നെയ്യാറ്റിൻകര: ഗുരുദേവൻ ഏകാന്ത ധ്യാനം ചെയ്ത കൊടിതൂക്കി മലയിലേക്ക് പോകാനുള്ള റോഡിന് ഇരുവശത്തും കുറ്റിക്കാട് വളർന്ന് സഞ്ചാരം ദുർഘടമായി മാറുന്നു. ഒഴിവ് ദിനങ്ങളിൽ ധാരാളം ഭക്തരും വിനോദ സഞ്ചാരികളും കുടുംബസമേതം ഈ മലമുകളിലേക്ക് എത്തിച്ചേരാറുണ്ട്. കൊടിതൂക്കിമലയിലേക്ക് എത്തിച്ചേരാൻ അരുവിപ്പുറം ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് പടവുകളും എതിർവശത്തെ മാരായമുട്ടം റോഡിനരികിലൂടെ പ്രത്യേകം റോഡും നിർമ്മിച്ചിട്ടുണ്ട്. മലമുകളിലേക്ക് കുത്തനെ കയറുന്ന ഈ റോഡിന്റെ വശത്താണ് ഇപ്പോൾ കാടു കയറിക്കിടക്കുന്നത്.

ഗുരുദേവന് ആത്മീയ ദർശനം ലഭ്യമായതായി പറയപ്പെടുന്ന ബാലമുരുക സംവാദത്തിന്റെ സ്മരണക്കായി നിർമ്മിച്ച മുരുകക്ഷേത്രം, തൊട്ടടുത്തായുള്ള ഗണപതി ക്ഷേത്രം, എന്നിവയും ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ച് പൂജിക്കുന്ന ഗുരുദേവ ക്ഷേത്രവും ഇവിടത്തെ പ്രത്യേകതകളാണ്.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ കീഴിലുള്ള വിസ്തൃതമായ ഭൂപ്രദേശത്ത് ധാരാളം വികസന പ്രവർത്തനങ്ങൾ നടത്താനുണ്ടെന്ന് അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

യോഗ സെന്റർ

ഭക്തർക്ക് ധ്യാനിക്കാനും ഏകാന്തതയിലിരിക്കാനും പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യോഗ സെന്റർ,കൺവെൻഷൻ സെന്റർ എന്നിവയും ഇവിടെയുണ്ട്.

വ്യൂ പോയിന്റ്

ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ് കേന്ദ്ര സർക്കാർ പ്രത്യേക പിൽഗ്രിമേജ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിതൂക്കി മലയ്ക്ക് മുകളിലായി വ്യൂ പോയിന്റ് നിർമ്മിച്ചിട്ടുള്ളത്. ഈ വ്യൂ പോയിന്റിൽ നിന്ന് നോക്കിയാൽ നോക്കെത്താ ദൂരത്തുള്ള പ്രകൃതിയുടെ അനന്തത ദർശിക്കുവാനാകും.

കിണ്ണികിണർ ശൂന്യമായി

ഭൂനിരപ്പിൽ നിന്നും അഞ്ഞൂറ് അടിയിലേറെ ഉയരമുള്ള ഈ മലമുകളിലെ കിണ്ണിക്കിണർ ഒരിക്കലും ജലം വറ്റാറില്ല. കാലോചിതമായി സംരക്ഷിക്കപ്പെടാത്തതിനാൽ ഈ കിണർ ഉപയോഗശൂന്യമായി കിടപ്പാണ്.

അരുവിപ്പുറം ഗുഹ

ശ്രീനാരയണ ഗുരുദേവൻ തപോധനനായ അരുവിപ്പുറം ഗുഹ കൊടിതൂക്കി മലയിലാണ്. ഇവിടം സന്ദർശിക്കാൻ എപ്പോഴും ജനത്തിരക്കാണ്. മലമുകളിലെ വികസന പ്രവർത്തനങ്ങളിൽ നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠന്റെ പരിശ്രമം വലുതാണെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ