തിരുവനന്തപുരം: സോഫ്ട്‌വെയർ അപ്ഡേറ്റ് ചെയ്‌തിട്ടും നേരെയാകാതെ തലസ്ഥാന നഗരത്തിലെ സിഗ്നലുകൾ. ഇക്കഴിഞ്ഞ 17ന് സിഗ്നൽ തകരാറിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെയാണ് താത്കാലിക പരിഹാരത്തിനായി സ്‌മാർട്ട് സിറ്റി അധികൃതർ സോഫ്ട്‌വെയർ അപ്ഡേറ്റ് ചെയ്‌തത്.
ഇടപ്പഴിഞ്ഞി,നേമം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സിഗ്നൽ തെളിഞ്ഞെങ്കിലും പേട്ട ഉൾപ്പെടെ പല സ്ഥലങ്ങളിലും ഇപ്പോഴും സിഗ്നൽ പ്രവർത്തിക്കാത്ത അവസ്ഥയാണ്. നഗരത്തിൽ ഏറ്റവും തിരക്കേറിയ അട്ടക്കുളങ്ങര-മണക്കാട് ഭാഗങ്ങളിലും അപകട സാദ്ധ്യത കൂടുതലുള്ള കഴക്കൂട്ടം-കോവളം ദേശീയപാതയിലും കരമന-പ്രാവച്ചമ്പലം റോഡിലും സിഗ്നൽ തെളിഞ്ഞെങ്കിലും തിരക്കേറിയ സമയങ്ങളിൽ ഇവ പ്രവർത്തന രഹിതമാകുന്നത് അധികൃതരെ വലയ്‌ക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ഉപ്പിടാമൂട് പാലത്തിലെ സിഗ്നൽ പ്രവർത്തിക്കാതെ വന്നതോടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഒടുവിൽ പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. കൃത്യമായി സോഫ്ട്‌വെയർ അപ്പ്ഡേഷൻ നടത്താതെ താത്കാലിക പരിഹാരവുമായി സ്‌മാർട്ട് സിറ്റി അധികൃതർ മുന്നോട്ടുപോയതാണ് സിഗ്നൽ തകരാറിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പുതിയ സിഗ്നലുകൾ വേണം
അട്ടക്കുളങ്ങര കുര്യാത്തി എസ്.കെ.പി ജംഗ്ഷനിലും ആയുർവേദ കോളേജിന് സമീപമുള്ള കുന്നുംപുറം ജംഗ്ഷനിലും സിഗ്നൽ വേണമെന്ന് ആവശ്യമുണ്ട്. ഈ രണ്ടിടത്തും ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഉപ്പിടാംമൂട് പാലത്തിൽ നിന്നുള്ള വാഹനങ്ങൾ നേരെ അംബുജവിലാസം റോഡിലൂടെ പുളിമൂട്ടിലേക്കും ആയുർവേദ ജംഗ്ഷൻ വഴിയുമാണ് പോകുന്നത്. അതുപോലെ കുര്യാത്തി എസ്.കെ.പി ജംഗ്ഷനിലേക്ക് മണക്കാട്ട് നിന്നും ചാല മാർക്ക്റ്റ് റോഡിൽ നിന്നും വാഹനങ്ങളെത്തുന്ന ഭാഗത്താണ് സിഗ്നൽ വേണ്ടത്.
നടപടി വേണം
സിഗ്നൽ തകരാർ കാരണം നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മഴസമയങ്ങളിൽ സോളാർ ഊർജം സംഭരിക്കാൻ സാധിക്കാത്തതാണ് സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമാകാൻ കാരണമെന്നതായിരുന്നു അധികൃതർ വിശദീകരിച്ചിരുന്നത്. എന്നാൽ സ്‌മാർട്ട് സിറ്റി അധികൃതർ കരാർ ഏല്പിച്ചിരുന്ന തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനികൾക്ക് കുടിശിക നൽകാത്തതാണ് കാരണമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |