
ചിറയിൻകീഴ്: മുതലപ്പൊഴിയിലെ അപകടത്തിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന് വേണ്ടിയുള്ള തെരച്ചിൽ ഇന്നലെയും വിഫലം. ഇന്നലെ രാവിലെ 6.30ന് മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്റൽ പൊലീസുമെത്തിയാണ് തെരച്ചിൽ പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം തെരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് ഷിജിന്റെ കുടുംബവും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇന്നലെ നേവിയുടെ ഹെലികോപ്ടർ, മറൈൻ ആംബുലൻസ്, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട്, കോസ്റ്റൽ പൊലീസിന്റെ ജലറാണി ബോട്ട് എന്നിവയും തെരച്ചിലിന്റെ ഭാഗമായി. എന്നാൽ സ്കൂബ ടീം രാവിലെ എത്താത്തതിൽ കുടുംബം പ്രതിഷേധിച്ചു. തുടർന്ന് ഉച്ചയോടെ വിഴിഞ്ഞത്തു നിന്ന് സ്കൂബാ ടീം എത്തിയെങ്കിലും പൊഴിയിൽ മുക്കാൽ മണിക്കൂർ തെരച്ചിൽ നടത്തിയ ശേഷം മഴയും അടിയൊഴുക്കും ശക്തമായതിനെ തുടർന്ന് തെരച്ചിൽ മതിയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രി സി.പി.ജോൺ ഉറപ്പുനൽകിയത് പ്രകാരം കടലിന്റെ സ്വഭാവമറിയാവുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികളെയും തെരച്ചിലിന്റെ ഭാഗമാക്കി. ഇന്നലെയുണ്ടായ ശക്തമായ കാറ്റും മഴയും ഉയർന്ന തിരമാലകളും തെരച്ചിലിനെ സാരമായി ബാധിച്ചു. ഇന്നും തെരച്ചിൽ തുടരും. ഉച്ചയ്ക്ക് വി.മുരളീധരൻ എം.എൽ.എ ഇന്ന് അപകടത്തിൽപ്പെട്ടവരുടെ വീടുകൾ,മുതലപ്പൊഴി എന്നിവ സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |