
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രവും പ്രവർത്തന നേട്ടങ്ങളും അടുത്തറിയാൻ പ്രേരിപ്പിക്കുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നവീകരിച്ച വ്യോമസേനാ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന 'ഓപ്പറേഷൻ സിന്ദൂർ കോർണറും" പുതുതായി ഒരുക്കിയിട്ടുണ്ട്.
രണ്ട് നിലകളിലായി വിമാനത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന മ്യൂസിയം ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജസ്‌വീർ സിംഗ് മാനാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ വ്യോമസേനയുടെ ശേഖരത്തിലുള്ള പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തി ആധുനികവത്കരിച്ചും കൂടുതൽ ആകർഷകവുമാക്കിയാണ് നവീകരണം നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ മ്യൂസിയമാണ്.
ടൂറിസം വകുപ്പും ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ ആസ്ഥാനവും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണിത്. മ്യൂസിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവ് ടൂറിസം വകുപ്പ് വഹിച്ചപ്പോൾ പ്രദർശന വസ്തുക്കൾ ഇന്ത്യൻ വ്യോമസേന ലഭ്യമാക്കി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് പരിപാലനച്ചുമതല. ഇന്നലെ നടന്ന ചടങ്ങിൽ കഴക്കൂട്ടം സൈനിക സ്കൂളിലെ കുട്ടികളും പങ്കെടുത്തു.
കാണാനേറെ
---------------------------
വിമാനം പറത്തുന്നതിന്റെ അനുഭവം നൽകുന്ന ഫ്ലൈറ്റ് സിമുലേറ്ററും അപകടഘട്ടങ്ങളിൽ സീറ്റോടുകൂടി പൈലറ്റിന് രക്ഷപ്പെടാൻ സാധിക്കുന്ന ഇജക്ഷൻ സീറ്റും ബ്രഹ്മോസ് മിസൈലിന്റെയും മിഗ്-29,റാഫേൽ വിമാനങ്ങളുടെ മാതൃക എന്നിവയും മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളാണ്. പഠനം,പര്യവേഷണം എന്നിവ വളർത്തുന്നതിനുള്ള കേന്ദ്രമാവുകയാണ് മ്യൂസിയം സ്ഥാപിച്ചതിന്റെ ലക്ഷ്യം. വ്യോമസേനയുടെ വളർച്ചയിലെ ഓരോ കാലഘട്ടത്തെയും ബഹുരാഷ്ട്ര അഭ്യാസ പ്രകടനങ്ങളുടെയും 2024 വയനാട് ഉരുൾപൊട്ടൽ സമയത്തെ വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിന്റെയും ചിത്രങ്ങൾ മ്യൂസിയത്തിലുണ്ട്.
''ഇന്ത്യൻ വ്യോമസേനാംഗങ്ങളുടെ മഹത്തായ പൈതൃകം,സാങ്കേതിക മികവ്,ധൈര്യം,പ്രൊഫഷണലിസം എന്നിവ അനുഭവിക്കാൻ സന്ദർശകർക്ക് ഒരു സവിശേഷ അവസരമാണ് വ്യോമസേന ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വ്യോമസേനയെക്കുറിച്ചുള്ള അറിവ് നേടാനും വ്യോമസേനയിൽ ചേരാൻ അവരെ പ്രേരിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ""
എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ,
ദക്ഷിണ വ്യോമസേനാ മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |