SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.33 AM IST

വി.ശിവൻകുട്ടിക്ക് പിൻബലമായത് സംഘടനാ മികവ്

g

കോഴിക്കോട്: സംഘടനാ മികവിന്റെ പിൻബലത്തിലാണ് വി.ശിവൻകുട്ടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയത്. പ്രവർത്തന മികവും പാർട്ടി ചുമതലകളിലെ അച്ചടക്കവും കരുത്തായി. എസ്.എഫ്.ഐയിലൂടെ വിദ്യാർത്ഥി സംഘടനാ രംഗത്തെത്തിയ അദ്ദേഹം,​ 1988ൽ ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായി. 1995ൽ തിരുവനന്തപുരം മേയർ. നഗരത്തിലെ മാലിന്യ പ്രശ്നം ഉൾപ്പെടെ പരിഹരിക്കാനെടുത്ത നടപടികൾ ശ്രദ്ധേയനാക്കി. 2006ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് നിയമസഭാംഗമായി. 2011ൽ നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2021ൽ വീണ്ടും നേമം മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ. രണ്ടാം പിണറായി സർക്കാരിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രിയായി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ്. മാദ്ധ്യമപ്രവർത്തക ആർ.പാർവതീ ദേവിയാണ് ഭാര്യ. മകൻ: ഗോവിന്ദ് ശിവൻ. മരുമകൾ: എലീന ജോർജ്.

ആനാവൂർ നാഗപ്പൻ ഒഴിഞ്ഞശേഷം തിരുവനന്തപുരം ജില്ലയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രാതിനിദ്ധ്യമുണ്ടായിരുന്നില്ല. ശിവൻകുട്ടിയുടെ വരവോടെ ഇതിനു പരിഹാരമാകും. ജില്ലയിലെ സംഘടനയിൽ നിലനിൽക്കുന്ന ചില അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായാണ് ശിവൻകുട്ടിയെ കേന്ദ്രനേതൃത്വം പരിഗണിച്ചത്. സംസ്ഥാന നേതൃത്വവും ഇതിനെ പിന്തുണച്ചു. തിരുവനന്തപുരം ജില്ലയിൽ പാർട്ടിക്കുണ്ടായ തിരിച്ചടി മറികടക്കാനുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയെന്ന ദൗത്യമാണ് അദ്ദേഹത്തിന് നിർവഹിക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA