വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ മേരിലാൻഡിലെ പ്രസിഡന്റിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേയ്ക്ക് മടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മടക്കം. എന്നാൽ ഈ അടിയന്തര മടങ്ങിവരവിന്റെ കാരണം വ്യക്തമാക്കാൻ വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. ട്രംപിന്റെ മടക്കത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ വലുതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്ക ലോകമെമ്പാടും ശക്തമാകുകയാണ്.
മേഖലയിൽ അപ്രതീക്ഷിതമായി സൈനിക സംഘർഷം രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വിവിധ യുഎസ് നയതന്ത്ര കാര്യാലയങ്ങളും സുരക്ഷ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ മടക്കം. പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് യുഎസ് നിർദേശം നൽകിയിട്ടുണ്ട്.
യമനിലെ ഇറാൻ അനുകൂല ഹൂതികൾ ശനിയാഴ്ച പുലർച്ചെ സൗദി തലസ്ഥാനമായ റിയാദിൽ മിസൈൽ ആക്രമണം നടത്തിയതായി സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടുണ്ട്. റിയാദിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക ശക്തമായത്.
നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനഃരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ യുഎസിന് മുന്നിൽവച്ചിട്ടുണ്ട്. ഖത്തർ മുഖേനയാണ് ഈ ആവശ്യങ്ങൾ അറിയിച്ചത്. നിലവിൽ ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഇറാന്റെ സുരക്ഷാ തലവൻ മൊഹ്സെൻ റെസായ് അറിയിച്ചു.
യുദ്ധം പൂർണമായും അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ വിട്ടുകൊടുക്കുക, യുഎസ് നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന മൂന്ന് ആവശ്യങ്ങളെന്ന് റെസായ് വെളിപ്പെടുത്തിയിട്ടുണ്ട്. ബാക്കി നാല് നിബന്ധനകൾ പുറത്തുവിട്ടിട്ടില്ല. ഈ ആവശ്യങ്ങൾ യുഎസ് നിരസിച്ചാൽ യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും ട്രംപിന്റെ ഭീഷണികൾകൊണ്ട് കാര്യമില്ലെന്നും റെസായ് മുന്നറിയിപ്പ് നൽകി.
US President Donald Trump has cut short his visit to the presidential retreat at Camp David, Maryland, and returned to the White House early amid rising tensions in the Middle East.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |