
വർക്കല: ഇടവ ഗ്രാമപഞ്ചായത്തിന്റെ കടൽ - കായൽ തീരമേഖലയിൽ പരിസ്ഥിതിയെ തകിടം മറിക്കുന്ന രീതിയിൽ അനധികൃത നിർമ്മാണങ്ങൾ പെരുകുന്നു.കഴിഞ്ഞ ദിവസം ഈ മേഖലയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന റിസോർട്ടും കുഴൽക്കിണറുകളും ഗ്രാമപഞ്ചായത്ത് അധികൃതർ കണ്ടെത്തി.ഇടവയിലെ പെത്തിരി മൂക്കിനും പതിനെട്ടാം പടിക്കും എതിർവശത്തുള്ള കായലിനും കടലിനും ഇടയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്.
വെറ്റക്കടയ്ക്കും കാപ്പിലിനും ഇടയിലുള്ള തീരപ്രദേശമാണിത്.ആളുകളുടെ ശ്രദ്ധയെത്താത്ത പ്രദേശത്താണ് ഇപ്പോൾ റിസോർട്ട് നിർമ്മാണം നടക്കുന്നത്.റിസോർട്ടിന് അനുബന്ധമായി മൂന്ന് കുഴൽക്കിണറുകൾ നിർമ്മിച്ചു.വാഹന സൗകര്യം കുറഞ്ഞ പ്രദേശത്ത് റിസോർട്ട് നിർമ്മാണത്തിനും കുഴൽക്കിണർ നിർമ്മാണത്തിനുമുള്ള സാധനസാമഗ്രികളും യന്ത്രസാമഗ്രികളും എങ്ങനെ എത്തിച്ചുവെന്നുള്ളതും ദുരൂഹമാണ്.
നിർമ്മാണത്തിന്റെ പേരിൽ കണ്ടൽക്കാടുകളും കാറ്റാടി മരങ്ങളും വ്യാപകമായി വെട്ടിനശിപ്പിച്ചതായും പരാതിയുണ്ട്.
കോസ്റ്റൽ റഗുലേറ്ററി സോൺ നിയമങ്ങളെ അവഗണിച്ചാണ് പരിസ്ഥിതി ലോലപ്രദേശത്താണ് നിർമ്മാണം നടക്കുന്നത്
കായലിനും കടലിനും ഇടയിൽ ഏകദേശം 800 മീറ്ററോളം മാത്രമാണ് കരപ്രദേശമുള്ളത്.ഈ പ്രദേശം കണ്ടൽക്കാടുകളാലും കാറ്റാടി മരങ്ങളാലും നിറഞ്ഞതാണ്.മനോഹരവും ശാന്തവുമായ ഈ പ്രദേശത്ത് അപൂർവമായി മാത്രമെ സ്വദേശികളും വിദേശികളുമായിട്ടുള്ള ടൂറിസ്റ്റുകൾ എത്താറുള്ളൂ.
യാത്ര ദുഃസഹം
കടൽത്തീരത്ത് കൂടി കുറ്റിക്കാടുകൾക്കിടയിലൂടെ നടന്നുവേണം ഇവിടെ എത്താൻ.പെത്തിരി ജംഗ്ഷനിൽ നിന്നോ,പതിനെട്ടാംപടി ജംഗ്ഷനിൽ നിന്നോ കായലിലൂടെ വള്ളത്തിൽ സഞ്ചരിച്ചാൽ മാത്രമെ ഇവിടെ എത്താൻ സാധിക്കുകയുള്ളൂ.
സ്റ്റോപ്പ് മെമ്മോ നൽകി
അനധികൃത നിർമ്മാണം സംബന്ധിച്ച് പരാതി ലഭിച്ചതോടെ
ഇടവ ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് നിർമ്മാണം നിറുത്തിവയ്ക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ വസ്തു ഉടമയ്ക്ക് നൽകിയിട്ടുണ്ട്.
ഇടവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ എൻ.സിയുടെ നിർദ്ദേശാനുസരണം അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ.എം.എമ്മും മറ്റ് ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്ക് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |