SignIn
Kerala Kaumudi Online
Friday, 04 September 2026 2.56 AM IST

അകമലയിൽ വീണ്ടും കാട്ടാന : ഭീതിയൊഴിയാതെ ജനം

1
1

വടക്കാഞ്ചേരി: മേഖലയിൽ ഒഴിയാതെ കാട്ടാനഭീതി. ഇന്നലെ അകമല പട്ടാണിക്കാട് ജനവാസ മേഖലയിൽ ആനയെത്തി. നേരത്തെ 25 ഓളം പനകൾ കുത്തിമറിച്ചിട്ട ആന ഇന്നലെ ഭീമൻപന വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടത് പരിഭ്രാന്തി പരത്തി. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസപ്പെട്ടു. നശിപ്പിക്കാൻ പ്രദേശത്ത് കാർഷിക വിളകൾ ഒന്നുമില്ല. സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുള്ള സ്ഥലമാണ് പട്ടാണിക്കാട്. ഇതിൽ ഏതാനും ഭാഗം തകരാറിലാണ്. ഇത് ആനകൾക്ക് സുഗമ വഴിയൊരുക്കുന്നു. ആനകൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. മദനൻ ആവശ്യപ്പെട്ടു.
പീച്ചി വന്യമൃഗ സങ്കേതത്തിൽ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാൻ 1.6 കിലോമീറ്ററിൽ നിർമിച്ച തൂക്കുവേലിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടും മച്ചാട് വനമേഖലയിൽ കാട്ടാന ശല്യത്തിന് പരിഹാരമില്ല. ആനക്കൂട്ടമിറങ്ങി കാർഷിക നാശം വരുത്തുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നു. 14.5 ലക്ഷം രൂപ ചെലവിലാണ് തൂക്ക് സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കുതിരാൻ മേഖലയിൽ ഉണ്ടാകാറുള്ള വന്യമൃഗശല്യം തടയാൻ ഒരു പരിധി വരെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. കുതിരാൻ തുരങ്കം യാഥാർത്ഥ്യമാവുകയും വാഹനങ്ങൾ തുരങ്കത്തിലൂടെ പ്രയാണമാരംഭിക്കുകയും ചെയ്തതോടെ ഈ മേഖലയിൽ നിന്ന് ആനക്കൂട്ടം മച്ചാട് വനമേഖലയിലേക്ക് സുഗമമായി പ്രവേശിക്കുകയും വാഴാനി, പഴയന്നൂപ്പാടം, മേലിലം, കാക്കിനിക്കാട്, അകമല, മങ്കര, ചേലക്കര തുടങ്ങി പ്രദേശങ്ങളിൽ ജനവാസ മേഖലയിൽ പ്രവേശിക്കുകയും ചെയ്തുവെന്നാണ് നിഗമനം. കുതിരാനിൽ നിന്ന് 15 ഓളം ആനകൾ മച്ചാട് വനമേഖലയിൽ എത്തിയതായാണ് വനം വകുപ്പിന്റെ കണക്ക്.

ജനവാസ മേഖലയിൽ ആനകളടക്കമുള്ള വന്യജീവികൾ ഇറങ്ങാതിരിക്കാൻ മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. സ്മൂത്ത് ഡ്രൈവിംഗ് ഊർജ്ജിതമാക്കും. ഇന്ന് ചിറങ്കോണം മേഖലയിൽ ആനകളെ തുരത്താൻ പഴുതടച്ച പ്രവർത്തനം നടക്കും. അകമലയിൽ ആർ.ആർ.ടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക തന്നെ ചെയ്യും.
-എസ്.സുധീഷ് കുമാർ (ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL