SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

അടമുട്ട കിട്ടാനില്ല, തീറ്റയ്ക്ക് തീവില

ആലപ്പുഴ: തീറ്റയ്ക്ക് തീവിലയും അടമുട്ട ക്ഷാമവും കുട്ടനാട്ടിൽ താറാവ് കൃഷി പ്രതിസന്ധിയിലാക്കി. വരും സീസണിലേക്കുള്ള താറാവ് കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാൻ മുട്ടകൾ ലഭിക്കാതായിട്ടും താറാവ് കൃഷി സംരക്ഷണത്തിന് സർക്കാർ ഇടപെടലില്ല. കഴിഞ്ഞ വർഷം പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കൊന്നൊടുക്കിയ മുക്കാൽ ലക്ഷത്തോളം താറാവുകളുടെ നഷ്ടപരിഹാരത്തുക ലഭ്യമാകാത്തതും പ്രതിരോധ വാക്സിൻ ലഭ്യമാകാത്തതുമാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയത്.

കഴിഞ്ഞ വർഷം 10 രൂപ മാത്രം വിലയുണ്ടായിരുന്ന ഒരു അടമുട്ടയ്ക്ക് ഇപ്പോൾ 20 മുതൽ 22 രൂപ വരെ നൽകണം.

സാധാരണ താറാമുട്ടയുടെ വിലയും 18 രൂപയായി. വില വർദ്ധനവിനൊപ്പം മുട്ടയുടെ ഗുണനിലവാരത്തിലുണ്ടായ ഇടിവും കർഷകരെ വലയ്ക്കുന്നുണ്ട്. മുൻപ് 68 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്ന മുട്ടകൾക്ക് ഇപ്പോൾ 48 മുതൽ 50 ഗ്രാം മാത്രമാണ് തൂക്കം. താറാവുകൾക്ക് ആവശ്യത്തിന് തീറ്റ ലഭിക്കാത്തതാണ് മുട്ടയുടെ തൂക്കം കുറച്ചത്.

അഞ്ചു മാസം പ്രായമാകുമ്പോഴാണ് താറാവുകൾ മുട്ടയിട്ടു തുടങ്ങുന്നത്. രണ്ടര മാസത്തെ തുടർച്ചയായ മുട്ടയിടലിന് ശേഷം തൂവൽ പൊഴിയും. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മുട്ടയിടുന്നത്. ശരാശരി രണ്ടര വർഷത്തോളം മുട്ടയിട്ടശേഷമാണ് ഇറച്ചിക്കായി വിൽക്കുന്നത്.കേരളത്തിലെ നാടൻ താറാവുകളെ തമിഴ്‌നാട്ടിലെത്തിച്ച് കുറഞ്ഞ ചെലവിൽ വളർത്തി ശേഖരിക്കുന്ന അടമുട്ടകളാണ് സംസ്ഥാനത്തെ ഹാച്ചറികളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്. നാടൻ താറാവുകളുടെ അടമുട്ടകൾ മിക്കതും വിരിയുമെങ്കിലും വരവ് മുട്ടകളിൽ പകുതിയും ചീമുട്ടയായി മാറും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ടവിരിഞ്ഞുണ്ടാകുന്ന താറാവുകളേക്കാൾ തൂക്കത്തിലും മുട്ടയുടെഎണ്ണത്തിലും ചാരയും ചെമ്പല്ലിയുമുൾപ്പെടെ നാടാൻ ഇനങ്ങളാണ് മുന്നിൽ. വിരിയിക്കാനുള്ള മുട്ടകൾ കിട്ടാതായതോടെ താറാവുകുഞ്ഞുങ്ങളുടെ ഉത്പാദനം പാടെ നിലച്ച മട്ടാണ്.

1000 താറാവുകൾക്ക്

പ്രതിദിനം 6000 രൂപയുടെ തീറ്റ

 ആയിരം താറാവുകളുള്ള ഒരു ഫാമിൽ പ്രതിദിനം തീറ്റയ്ക്കായി 6,000 രൂപയിലധികം വേണം

 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് ഒരു മാസത്തിനിടെ 1,350 രൂപയിൽ നിന്ന് 1,400 രൂപയായി വില ഉയർന്നു

 കഴിഞ്ഞ സീസണിൽ പക്ഷിപ്പനിയെ തുടർന്ന് കള്ളിംഗിനിരയാക്കിയ താറാവുകളുടെ നഷ്ടപരിഹാരത്തുകയായ 1.25 കോടി രൂപ കിട്ടിയിട്ടില്ല

 തൊഴിലാളികളുടെ കൂലി വർദ്ധനവ് കൂടിയായതോടെ താറാവ് കൃഷി വൻ നഷ്ടത്തിലായി

താറാവ് കർഷകർ ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ സീസണിലെ കള്ളിംഗിന്റെ നഷ്ടപരിഹാരം ലഭിക്കാത്തതിന് പുറമേ ഈ സീസണിൽ കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള അടമുട്ടയും കിട്ടാത്ത സ്ഥിതിയാണ്. സർക്കാരും മൃഗസംരക്ഷണ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രശ്ന പരിഹാരത്തിന് തയ്യാറാകണം

- അഡ്വ.ബി. രാജശേഖരൻ, ഐക്യതാറാവ് കർഷക സംഘം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL