SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

അമ്പാടിക്കണ്ണന്മാർ നഗരവീഥികൾ അലങ്കരിക്കും

ki
ബാലുശ്ശേരിയിൽ നടക്കുന്ന മഹാശോഭായാത്രയിലേക്കുള്ള ടാബ്ലോ അവസാന വട്ട മിനുക്കുപണിയിൽ . പള്ളിക്കര മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്നുള്ള ദൃശ്യം.

കോഴിക്കോട്: ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരും നഗരവീഥികൾക്ക് ഇന്ന് ആഘോഷച്ചമയം പകരും. കൃഷ്ണവേഷമണിഞ്ഞ കുരുന്നുകളെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ ശോഭായാത്രകളാണ് സംഘടിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന ശോഭായാത്ര ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽനിന്ന് ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് അഞ്ചോടെ ആരംഭിക്കും. കൃഷ്ണനും രാധയും ഗോപികമാരുമായി വേഷമിട്ട കുട്ടികളും കൃഷ്ണലീലകൾ അവതരിപ്പിക്കുന്ന ടാബ്ലോകളും ഘോഷയാത്രകൾക്ക് വർണപ്പകിട്ടേകും. ജില്ലയിൽ നടക്കുന്ന വിവിധ ശോഭായാത്രകളിലായി ഒരു ലക്ഷത്തോളം ഭക്തർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്ക്. നഗരത്തിൽ ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രധാന ജങ്ഷനുകളിലും ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിലും പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വൈകുന്നേരം ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭാ യാത്രകൾ മുക്കം നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നടക്കും. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.നീലേശ്വരം കണ്ണന്തറ കാവിൽ നിന്നും കുഴിക്കലാട്ട് ശിവക്ഷേത്രത്തിലേക്കും കാഞ്ഞിരത്തിങ്കൽ അയ്യപ്പ ഭജനമടത്തിൽ നിന്നും വട്ടോളിപറമ്പ് വട്ടോളി ദേവി ക്ഷേത്രത്തിലേക്കും ശോഭാ യാത്രകൾ നടക്കും. കല്ലുരുട്ടി ശ്രീകൃഷ്ണ ഭജന മഠം, പാറമ്മൽ അയ്യപ്പഭഗവതി ക്ഷേത്രം, നെല്ലിക്കൽ ഭഗവതി കുട്ടിച്ചാത്തൻകാവ്, മാടച്ചാൽ മുത്തപ്പൻ കാവ് എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭാ യാത്ര മഹാശോഭ യാത്രയായി ചെറുവണ്ണൂർ ക്ഷേത്രത്തിൽ സമാപിക്കും. പന്നിക്കോട് അയ്യപ്പഭജനമഠം, ഗോതമ്പു റോഡ്, കുളങ്ങര എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭാ യാത്രകൾ എരഞ്ഞിമാവിൽ സംഗമിച്ച് മഹാശോഭ യാത്രയായി ഉച്ചക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും.

കൊത്തനാപറമ്പിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മാടകശ്ശേരി വിഷ്ണുക്ഷേത്രത്തിൽ സമാപിക്കും. വാദ്യമേളങ്ങൾ, കൃഷ്ണവേഷമണിഞ്ഞ നൂറ് കണക്കിന് കുട്ടികൾ, പുരാണങ്ങളിലെ വിവിധ നിശ്ചല ദൃശ്യങ്ങൾ എന്നിവ ശോഭായാത്രയുടെ ഭാഗമാകും. എല്ലാ നഗര ഗ്രാമപ്രദേശങ്ങളിലും സാംസ്കാരിക പരിപാടികളും, ഗോപൂജയും, നദീപൂജയും, വൃക്ഷ പൂജയും ബാലഗോകുലം സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെല്ലാം പതിവു പൂജകൾക്ക് പുറമെ വിശേഷാൽ പൂജകളുണ്ടാകും.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ഇന്ന് മഹാശോഭാ യാത്ര നടക്കും. നിർമ്മല്ലൂർ അയ്യപ്പഭജന മഠം, പുത്തൂർവട്ടം അയ്യപ്പക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, ബാലുശ്ശേരി കോട്ട പരദേവതക്ഷേത്രം, പൊന്നരം തെരു ഗണപതി ക്ഷേത്രം, കുന്നത്തെരു ഗണപതി ക്ഷേത്രം, പള്ളിക്കര മഹാവിഷ്ണു ക്ഷേത്രം, കരത്തൊടി, അറപ്പീടിക, എടവലത്ത് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഉപ ശോഭയാത്രകൾ ബ്ലോക്ക് റോഡ് ജംഗ്ഷനിലെ അയ്യപ്പ ഭജനമഠത്തിൽ സംഗമിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL