
പത്തനംതിട്ട : അധിനിവേശ മത്സ്യങ്ങളുടെ അതിവേഗ വംശവർദ്ധനവ് നാടൻ മത്സ്യങ്ങൾക്ക് കടുത്ത ഭീഷണിയാകുന്നു. 2018ലെ മഹാപ്രളയത്തിന് ശേഷം സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് നടത്തിയ പഠനങ്ങളിൽ, അക്വാകൾച്ചർ ഫാമുകളിൽ നിന്ന് അധിനിവേശ മത്സ്യങ്ങൾ പുറത്തേക്ക് കടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ശുദ്ധജല സ്രോതസുകൾ ആവാസ കേന്ദ്രമാക്കുന്ന അധിനിവേശ മത്സ്യങ്ങൾ അതിവേഗ പ്രജനനത്തിലൂടെ വ്യാപകമാകുകയാണ്. പശ്ചിമഘട്ടത്തിൽ രേഖപ്പെടുത്തിയ ഏഴ് വിദേശ അധിനിവേശ മത്സ്യങ്ങളിൽ ഭൂരിഭാഗവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളവയായിരുന്നില്ല. അലങ്കാരമത്സ്യ വ്യാപാരത്തിന്റെ മറവിൽ നിയമവിരുദ്ധമായി എത്തിക്കപ്പെട്ടതായിരുന്നു ഇവയിൽ പലതും.
കൂടാതെ, ആവാസവ്യവസ്ഥയുടെ നാശം, മലിനീകരണം, അണക്കെട്ടുകൾ, കാലാവസ്ഥാ പ്രതിസന്ധി, അമിതവും അശാസ്‌ത്രീയവുമായ മത്സ്യബന്ധനം എന്നിവകൊണ്ടും നാടൻ മത്സ്യസമ്പത്ത് കടുത്ത വെല്ലുവിളി നേരിടുകയാണ്.
അധിനിവേശ മത്സ്യങ്ങൾ നാടൻ മത്സ്യങ്ങളുടെ മുട്ടകളും കുഞ്ഞുങ്ങളേയും ഭക്ഷണമാക്കുകയും രോഗങ്ങൾ പടർത്തുകയും ചെയ്യുന്നു. മലിനജലത്തിലും പെരുകാൻ കഴിയുന്ന ഇത്തരം മത്സ്യങ്ങൾ നാടൻ മത്സ്യങ്ങളുടെ വംശനാശത്തിനും ജലാശയങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്.
വലിയ ഭീഷണി ആഫ്രിക്കൻ മുശി
തദ്ദേശീയ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാകുന്നത് ആഫ്രിക്കൻ മുഷി എന്നറിയപ്പെടുന്ന ആഫ്രിക്കൻ ക്യാറ്റ് ഫിഷാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും വേഗത്തിൽ പ്രജനനം നടത്താനും ഇതിന് കഴിവുണ്ട്. ഓക്സിജൻ കുറഞ്ഞ മലിന ജലാശയങ്ങളിലും ദീർഘനേരം ജീവിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.
അധിനിവേശ മത്സ്യങ്ങൾ
1.ആഫ്രിക്കൻ മുഷി
2.മൊസാമ്പിക്ക് തിലാപ്പിയ
3.നൈൽ തിലാപ്പിയ
4.സക്കർമൗത്ത് ക്യാറ്റ്ഫിഷ്
5.കോമൺ കാർപ്പ്
6.ഗപ്പി
7.ഗാംബൂസിയ
8.റെഡ് ബെല്ലീഡ്
കേരളത്തിലെ പ്രധാന നാടൻ മത്സ്യങ്ങൾ
1.കരിമീൻ
2. വരാൽ / ബ്രാൽ
3. മഞ്ഞക്കണ്ണൻ
4. മഞ്ഞ ഏട്ട
5. കല്ലട / ആരാൻ
6. വാള
7. കടു
2004ൽ രൂപീകരിച്ച ഫിഷർമാൻ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി) പ്രവർത്തനം വഴി പെരിയാർ തടാകത്തിലെ അധിനിവേശ മത്സ്യങ്ങളെ നിയന്ത്രിച്ച്, തദ്ദേശീയ മത്സ്യങ്ങളെ സംരക്ഷിക്കാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഒരേസമയം അയ്യായിരം മുതൽ 5 ലക്ഷം വരെ മുട്ടകളിടുന്ന ആഫ്രിക്കൻ മുഷികളെ പൂർണമായി ഒഴിവാക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്.
ശ്വേത ചന്ദ്ര,
കേരള സർവകലാശാല ഗവേഷക
സൂക്ഷ്മ സ്ഥാനീയ മത്സ്യങ്ങൾ സമൃദ്ധമായി കഴിഞ്ഞിരുന്ന ആവാസവ്യവസ്ഥകളിൽ പലതും ഇന്ന് ആഫ്രിക്കൻ ക്യാറ്റ്‌ഫിഷ് ഉൾപ്പടെയുള്ള അധിനിവേശ മത്സ്യങ്ങ ൾ കൈയടക്കി. ഇതോടെ ഇത്തരം പ്രദേശങ്ങളിൽ നിന്ന് അപൂർവ ഇനം മത്സ്യങ്ങൾ അപ്രത്യക്ഷമാകുകയാണ്.
ഡോ.ആർ.അഭിലാഷ്,
അദ്ധ്യാപകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |