പാലോട്: ജില്ലയിലെ ഏറ്റവും വലിയ വില്ലേജായ തെന്നൂർ വില്ലേജ് ഓഫീസിൽ നാല് മാസമായി വില്ലേജ് ഓഫീസറില്ല. അതിനാൽ പ്രദേശവാസികൾ പാലോട്,പെരിങ്ങമ്മല വില്ലേജ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്നു.
പൊൻമുടി മുതൽ ചെറ്റച്ചൽ വരെ നീണ്ടുകിടക്കുന്നതാണ് തെന്നൂർ വില്ലേജ്.തോട്ടം തൊഴിലാളികൾ,ആദിവാസി ഊരുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വില്ലേജിൽ വില്ലേജ് ഓഫീസറില്ലാത്തത് ദൈനംദിന കാര്യങ്ങളെയും ബാധിക്കുന്നുണ്ട്. 2636 ഹെക്ടർ പ്രദേശം ഉൾപ്പെടുന്നതാണ് തെന്നൂർ വില്ലേജ്.പൊൻമുടിയിൽ തുടങ്ങി ഞാറനീലി,ഇലഞ്ചിയം,ആലുമ്മൂട്,ചെമ്പിക്കുന്ന് ആദിവാസി ഊരുകളിലൂടെ ചെറ്റച്ചൽ,ശാസ്താംകാവ്,കുണ്ടാളംകുഴി,തലത്തൂതക്കാവ് എന്നീ വിദൂര പ്രദേശങ്ങളെല്ലാം ഉൾപ്പെടുന്നു.കിലോമീറ്ററുകൾ സഞ്ചരിച്ച് വിവിധാവശ്യങ്ങൾക്കായി ഓഫീസിലെത്തിയാൽ വില്ലേജ് ഓഫീസറില്ലെന്ന മറുപടി കേട്ട് മടങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.
പൊൻമുടിയിൽ നിന്ന് 35കിലോമീറ്റർ യാത്ര ചെയ്ത് പാലോട് വില്ലേജ് ഓഫീസിലെത്തി വേണം തോട്ടം തൊഴിലാളികൾക്ക് ആവശ്യങ്ങൾ നിറവേറ്റാൻ.ഇത് വലിയ ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |