SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

വിതുര മേഖല നിറയെ തെരുവ് നായ്ക്കൾ

വിതുര: രാത്രിയുടെ മറവിൽ പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വൻതോതിൽ തെരുവ്നായ്ക്കളെ കൊണ്ടിറക്കിവിടുന്നതായി പരാതി. വിതുര തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുപാറ, ചേന്നൻപാറ, ചാരുപാറ,മേഖലകളിലാണ് നായ്ക്കളെ വാഹനങ്ങളിൽ കൊണ്ടിറക്കിവിടുന്നത്. നേരത്തേ വിതുര കലുങ്ക് ജംഗ്ഷനിലും രാത്രിയിൽ തെരുവുനായ്ക്കളെ കൊണ്ടിറക്കിയിരുന്നു. നിലവിൽ പൊൻമുടി പാത തെരുവുനായ്ക്കളുടെ കേന്ദ്രമാണ്.

ചാരുപാറ, പേരയത്തുപാറ പ്രദേശത്ത് തെരുവ്നായ്ക്കൾ നിറഞ്ഞതോടെ ജനം ബുദ്ധിമുട്ടിലായി. ഇവയെ പേടിച്ച് വഴിനടക്കാൻ കഴിയാത്ത അവസ്ഥയും സംജാതമായി. റോഡരികിലാണ് നായ്ക്കളുടെ അന്തിയുറക്കം. രാത്രിയിൽ സൂക്ഷിച്ചുനടന്നില്ലെങ്കിൽ കടിയുറപ്പാണ്.

ആക്രമണവും

നിരവധി പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഇവ വീടുകളിൽ അതിക്രമിച്ചുകയറി കോഴികളെ കൊന്നാടുക്കുകയും ചെയ്യുന്നുണ്ട്.നായ്ക്കൾ കുറുകേ ചാടിയതിനെ തുടർന്ന് ബൈക്കുകൾ മറിയുകയും ബൈക്ക് യാത്രികരായ അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പേ വിഷബാധകളുള്ള തെരുവുനായ്ക്കളും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് ദൃശ്യമാണ്. വിതുര എം.ജി.എം സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ബുദ്ധിമുട്ടിലാണ്.നായ്ക്കൾ സ്കൂളിൽ അതിക്രമിച്ചുകയറി ഭീതി പരത്തുന്നുണ്ട്.

മാലിന്യം വളമായി

ചാരുപാറ, പേരയത്തുപാറ, ചേന്നൻപാറ മേഖലയിൽ റോഡരികിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മാലിന്യം തിന്ന് നായ്ക്കൾ പെറ്റുപെരുകുകയാണ്. മാലിന്യം നിറഞ്ഞുകിടക്കുന്ന മേഖലകളിലാണ് ഇവയുടെ അന്തിയുറക്കം. നായശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വിതുര തൊളിക്കോട് പഞ്ചായത്തുകളിൽ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL