
അഞ്ചുപേർക്കെതിരെ കേസ്
കഴക്കൂട്ടം: മുതലപ്പൊഴി പാലത്തിന് സമീപമുള്ള ഹോട്ടലിൽ സഹോദരങ്ങളെ അധിക്ഷേപിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ.
ഞായറാഴ്ച പുലർച്ചെ 1.30ഓടെ പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29),ഇരട്ട സഹോദരൻ സദ്ദാം ഹുസൈൻ എന്നിവർക്ക് നേരെ ആക്രമണം നടത്തിയ വെട്ടുതറ സ്വദേശി സ്റ്റീഫനെയാണ് പിടികൂടിയത്. കേസിൽ മറ്റ് മൂന്നുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അവിടെയുണ്ടായിരുന്ന അഞ്ചംഗ സംഘം അകാരണമായി തെറിവിളിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു.
ഇതേക്കുറിച്ച് ചോദ്യം ചെയ്‌തതിൽ പ്രകോപിതരായ പ്രതികൾ മേശപ്പുറത്തിരുന്ന ചായഗ്ലാസ് സദ്ദാം ധാരിക്കിന്റെ തലയ്ക്കടിച്ചു പരിക്കേല്പിച്ചു. അടി കൊണ്ട് താഴെ വീണ ഇയാളെ ഒന്നാം പ്രതി സ്റ്റീഫൻ വാളുകൊണ്ട് തലയിൽ വെട്ടാൻ ശ്രമിച്ചപ്പോൾ സദ്ദാം ഹുസൈൻ തടയുകയായിരുന്നു. ഇതിനിടെയാണ് സദ്ദാം ഹുസൈന്റെ വലതു കൈപ്പത്തിക്ക് ഗുരുതരമായി വെട്ടേറ്റത്. അസ്ഥിക്ക് പൊട്ടലുമുണ്ട്. മറ്റ് പ്രതികൾ അക്രമത്തിന് ഒത്താശ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം എസ്.ഐ അനൂപ് എം.എല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |