SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

നീലത്തിരമാലകളിൽ നീരാടി കാര്യവട്ടം

തിരുവനന്തപുരം : സാക്ഷാൽ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയുമൊക്കെ അണിനിരന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരം ആഘോഷമാക്കി മാറ്റുകയായിരുന്നു ഇന്നലെ തലസ്ഥാന നഗരിയിൽ ആരാധകർ. ഇന്ത്യൻ ടീമിന്റെ നീല ജഴ്സിയണിഞ്ഞ് രാവിലെ മുതൽ ചെറുപ്പക്കാർ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ലക്ഷ്യമാക്കി നീങ്ങി. രണ്ട് മണിക്കാണ് മത്സരം തുടങ്ങിയതെങ്കിലും 11 മണി മുതൽ കാണികളെ പ്രവേശിപ്പിച്ചുതുടങ്ങിയിരുന്നു.

പന്ത്രണ്ടരയോടെ ടീമുകൾ സ്റ്റേഡിയത്തിലേക്ക് എത്തി. ഇന്ത്യൻ ടീമാണ് ആദ്യമെത്തിയത്. നായകൻ ശുഭ്മാൻ ഗില്ലാണ് ബസിൽ നിന്ന് ആദ്യമിറങ്ങിയത്. പിന്നാലെ രോഹിതും വിരാടും പുറത്തേക്കിറങ്ങിയപ്പോൾ ഗാലറികൾ ആർപ്പുവിളിച്ചു. തിരുവനന്തപുരത്തെ കാണികളെ അഭിവാദ്യം ചെയ്താണ് വിരാടും രോഹിതും ഡ്രെസിംഗ് റൂമിലേക്ക് കയറിയത്. ടീമുകൾ വാം അപ്പ് ചെയ്യുമ്പോഴേക്കും ഗാലറി പതിയെ നിറഞ്ഞുവന്നു. പക്ഷേ പകലിലെ കടുത്ത വെയിൽ കുറേനേരം കസേരയിലിരുന്ന കാണികളെ ബുദ്ധിമുട്ടിച്ചു. പലരും മേൽക്കൂരയുടെ തണലിന് കീഴിലേക്ക് ഒതുങ്ങി.

ടോസ് നേടി ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിനയച്ചപ്പോൾ വിൻഡീസ് പെട്ടെന്ന് പുറത്താകുമോ എന്നായിരുന്നു പലരുടേയും പേടി. 2018ൽ ഇവിടെ നടന്ന മത്സരത്തിൽ വിൻഡീസ് 104 റൺസിന് പുറത്തായിരുന്നു. എന്നാൽ ജസ്റ്റിൻ ഗ്രീവ്സ് സെഞ്ച്വറിയും ക്യാംപ്ബെൽ അർദ്ധസെഞ്ച്വറിയും നേടി ശക്തമായ ഓപ്പണിംഗ് കണ്ടപ്പോൾ നല്ലൊരു ചേസിംഗ് നടക്കുമെന്ന പ്രതീക്ഷയുണർന്നു. ജാംഗൂ നന്നായി ബാറ്റുചെയ്തപ്പോൾ, ''ജാങ്കോ...നമ്മൾ പെട്ടു..."" എന്ന ഡയലോഗും മുഴങ്ങി.

വൈകുന്നേരത്തോടെ വെയിൽ കുറഞ്ഞപ്പോൾ ഗാലറിയും നിറഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗിനുമാത്രം എത്തിവരുമുണ്ടായിരുന്നു. ഇതോടെ ഗാലറി മൊത്തം നീല നിറമായി. നീലക്കടലിന് നടുവിൽ ഇന്ത്യൻ നീലക്കടുവകൾ ബാറ്റിംഗ് തുടങ്ങിയപ്പോൾ രോഹിതിനെയും ഗില്ലിനെയും കൊഹ്‌ലിയേയുമൊക്കെ ഓരോ ഷോട്ടിനും കാണികൾ ആർത്തുവിളിച്ച് അഭിനന്ദിച്ചുകൊണ്ടിരുന്നു. നന്നായി കളിച്ചുകൊണ്ടിരുന്ന രോഹിത് ക്യാച്ചുനൽകി മടങ്ങിയപ്പോഴാണ് ഗാലറി ആദ്യമായൊന്ന് സങ്കടപ്പെട്ടത് . എന്നാൽ കൊഹ്‌ലിയുടെ വരവോടെ അത് ആരവങ്ങൾക്ക് വഴിമാറി. 2023ൽ ശ്രീലങ്കയ്ക്ക് എതിരെ സെഞ്ച്വറികൾ നേടിയ വിരാടും ഗില്ലും ആ ഓർമ്മകൾ ഉണർത്തിയാണ് ഇന്നലെയും ബാറ്റുവീശിയത്.

ഒരു ലക്ഷത്തി അയ്യായിരം

ലിറ്റർ കുടിവെള്ളം

ഗാലറിയിലെ കാണികൾക്ക് വേണ്ടി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയത്

ഒരു ലക്ഷത്തി അയ്യായിരം ലിറ്റർ കുടിവെള്ളമാണ്, 35000 ടിക്കറ്റുകൾ വിറ്റ അസോസിയേഷൻ ഒരാൾക്ക് മൂന്ന് ലിറ്റർ ക ണക്കാക്കിയാണ് വെള്ളം നൽകിയത്. ഇവിടെ നടന്ന കഴിഞ്ഞ മത്സരത്തിൽ കാണികൾക്ക് കുടിവെളളം പോലും നൽകാത്തത് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL