
വിഴിഞ്ഞം: തുറമുഖ കാഴ്ചകൾ കാണാൻ വിഴിഞ്ഞം വലിയ കടപ്പുറത്തിന് സമീപം വയോജന പാർക്ക് യാഥാർത്ഥ്യമാകുന്നു. നഗരസഭയുടെ കോട്ടപ്പുറം വാർഡിൽ സിന്ധു യാത്രാമാതാ ദേവാലയത്തിന് സമീപത്തെ റെച്ചൻസ് മെമ്മോറിയൽ ലൈബ്രറി ഉൾപ്പെടുന്ന സ്ഥലത്താണ് പുതിയ പാർക്ക് വരുന്നത്.
നഗരസഭയുടെ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവിട്ടാണ് പാർക്ക് നിർമ്മിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വൈകുന്നേരങ്ങളിൽ വിശ്രമിക്കുന്ന സ്ഥലമാണിത്. ഇവിടെ നിന്നാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വിശാല കാഴ്ചകളും ഇവിടെ അടുക്കുന്ന കപ്പലുകളെയും അടുത്തുനിന്ന് കാണാൻ സാധിക്കും.
ഇതിനു മുൻവശത്തായി മത്സ്യബന്ധന തുറമുഖം യാഥാർത്ഥ്യമായാൽ സന്ദർശകർക്ക് മത്സ്യം വാങ്ങാനും സൗകര്യമുണ്ടാകും.
ഇപ്പോഴത്തെ റെച്ചൻസ് മെമ്മോറിയൽ ലൈബ്രറിക്ക് സമീപത്തെ ചരിവുള്ള ഭാഗത്ത് കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ചു പടിക്കെട്ടുകൾ നിർമ്മിച്ചാകും ഇരിപ്പിടങ്ങൾ സജ്ജമാക്കുക. പാർക്ക് പൂർത്തിയാകുന്നതോടെ സമീപത്തെ വൃദ്ധജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വിശ്രമിക്കുന്നതിനും കുട്ടികൾക്ക് കളിക്കുന്നതിനും സൗകര്യമുണ്ടാകും.
പാർക്കിലെ സൗകര്യങ്ങൾ
പാർക്കിനോടനുബന്ധിച്ച് കഫറ്റേരിയ ഉണ്ടാകും.
നിലവിലെ ചെറിയ പടിക്കെട്ടുകൾ വിപുലീകരിച്ച്
വിശാലമായ ഇരിപ്പിടങ്ങൾ സജ്ജമാക്കും
വർണവിളക്കുകളും അലങ്കാര വിളക്കുകളും സ്ഥാപിക്കും
കുട്ടികൾക്ക് കളിക്കാനായി പ്രത്യേക സൗകര്യം
പുൽത്തകിടിയും പൂന്തോട്ടവുമുണ്ടാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |