SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

photo

പാലോട്: പെരിങ്ങമ്മല,വിതുര,നന്ദിയോട്,തൊളിക്കോട്,പാങ്ങോട് എന്നീ പഞ്ചായത്തുകളിലെ വനമേഖലകളിലും സ്വകാര്യ കൃഷിയിടങ്ങളിലും കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴി‌ഞ്ഞ ഏതാനും ദിവസങ്ങളായി വനപ്രദേശങ്ങളിലും ജനവാസ മേഖലകളോട് ചേർന്ന കാടുകളിലും നിരവധി കാട്ടുപന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ആഫ്രിക്കൻ പന്നിപ്പനിയാണിതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചത്ത പന്നികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പന്നികളെ മാത്രം ബാധിക്കുന്ന തീവ്ര പ്രസരണശേഷിയുള്ള വൈറസ് രോഗമാണിത്.

രോഗ ബാധയേറ്റാൽ100ശതമാനം വരെ മരണസാദ്ധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഈ രോഗം മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും പകരില്ല.പന്നികളിൽ ബാധിക്കുന്ന ഈ രോഗത്തിന് നിലവിൽ വാക്സിൻ ഇല്ല.

ആഫ്രിക്കൻ പന്നിപ്പനിയെന്ന് ആശങ്ക: ജാഗ്രതാ നി‌ർദ്ദേശം

വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ പന്നി വളർത്തൽ കേന്ദ്രങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ ജാഗ്രതാ നി‌ർദ്ദേശം നൽകിയിട്ടുണ്ട്. ചത്തപന്നികളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനും വനംവകുപ്പും വെറ്ററിനറി വിഭാഗവും ചേർന്ന് പ്രത്യേകസംഘം രൂപീകരിച്ച് നടപടികൾ ആരംഭിച്ചു. രോഗം സ്ഥിതീകരിക്കുന്ന കേന്ദ്രങ്ങളിലെ പന്നികളെ രോഗവ്യാപനം തടയുന്നതിനായി ശാസ്ത്രീയമായി കൊല്ലുകയും സംസ്കരിക്കുകയും ചെയ്യും.

വനമേഖലകളിലോ,പരിസരങ്ങളിലോ ചത്ത പന്നികളെയോ രോഗലക്ഷണമുള്ള പന്നികളെയോ കണ്ടെത്തിയാൽ സ്പർശിക്കരുത്. ഉടൻ തന്നെ വനംവകുപ്പ് ഓഫീസിലോ,അടുത്തുള്ള മൃഗാശുപത്രിയിലോ വിവരമറിയിക്കുക.

ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്ക് പടരില്ല എന്നതിനാൽ പരിഭ്രാന്തി ആവശ്യമില്ല,എന്നാൽ പ്രതിരോധ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL