
വിതുര: പൊൻമുടി നെടുമങ്ങാട് സംസ്ഥാനപാതയിൽ വിതുര കലുങ്ക് ജംഗ്ഷനിൽ രണ്ടിടങ്ങളിലായി പൊട്ടിയ പൈപ്പുകൾ കഴിഞ്ഞ ദിവസം നന്നാക്കി. പൈപ്പ് പൊട്ടി ഒരുമാസത്തോളം ശുദ്ധജലം പാഴായി ഒഴുകുകയായിരുന്നു.
വിതുരപഞ്ചായത്തിലെ അഞ്ചിടങ്ങളിലാണ് പൈപ്പ് പൊട്ടി ഒഴുകിയത്. ഇതിലൂടെ പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായിട്ടുണ്ട്. പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അടിയന്തരമായി വാട്ടർഅതോറിട്ടിയുമായി ബന്ധപ്പെട്ട് പൊട്ടിയ പൈപ്പ് നന്നാക്കുവാൻ നടപടികൾ സ്വീകരിക്കുകയായിരുന്നു,
കാലപ്പഴക്കം ചെന്ന പൈപ്പുകൾ
പഞ്ചായത്തിൽ കാലപ്പഴക്കം ചെന്ന പൈപ്പുകളാണുള്ളത്. പൊട്ടിയാൽ യഥാസമയം അവ നന്നാക്കാറില്ല. വിതുര കലുങ്ക് ജംഗ്ഷനിലെ പൈപ്പുകൾ അടിക്കടി പൊട്ടി കുടിവെള്ളവിതരണം നിലയ്ക്കാറുണ്ട്. അര നൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും വാട്ടർ അതോറിട്ടി നടപടികൾ സ്വീകരിക്കാറില്ല.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തിരക്കേറിയ വിതുര കലുങ്ക് ജംഗ്ഷനിൽ പൈപ്പ് പൊട്ടിയതോടെ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവായിരുന്നു.ഇതോടെ ഇവിടെ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളും ബുദ്ധിമുട്ടിലായി. നിലവിൽ ഗ്രാമങ്ങൾ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |