SignIn
Kerala Kaumudi Online
Monday, 12 October 2026 6.54 AM IST

വികസനത്തിനായി കാതോർത്ത് അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ

aa

തിരുവനന്തപുരം: മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ അദ്ധ്യാപകനായിരുന്ന കിഴക്കേകോട്ട അട്ടക്കുളങ്ങര ഗവ.സെൻട്രൽ ഹൈസ്കൂളിൽ സ്ഥലസൗകര്യമുണ്ടെങ്കിലും വികസനം മാത്രം അകലെ. 137 വർഷത്തിന്റെ ചരിത്രമുള്ള സ്കൂളിനാണ് ഈ അവസ്ഥ. 2000 വിദ്യാർത്ഥികളുണ്ടായിരുന്ന ഇവിടെ നിലവിൽ 76 പേരാണുള്ളത്.

വികസനത്തിനുള്ള സാദ്ധ്യതകൾ സർക്കാർ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് സ്കൂൾ അധികൃതർ ഉൾപ്പടെ പറയുന്നത്. സമഗ്ര ശിക്ഷാ ജില്ലാ കോ-ഓർഡിനേറ്ററുടെ കാര്യാലയം പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഇക്കഴിഞ്ഞ പ്രവേശനോത്സവത്തിനിടെ തടികൾ ദ്രവിച്ച ഈ ഭാഗത്തെ മേൽക്കൂര തകർന്നിരുന്നു. ഓടും സീലിങ്ങും ഉൾപ്പെടെ പൊളിഞ്ഞുവീണിട്ടും ഇതുവരെ കെട്ടിടത്തിന്റെ നവീകരണം നടത്തിയിട്ടില്ല.

17,000ലധികം പുസ്തക ശേഖരമുള്ള സ്കൂൾ ലൈബ്രറിയിൽ 2000ലധികം പുസ്തകങ്ങൾ ഡിജിറ്റലായി വായിക്കാനാകും. കമ്പ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തമിഴ്,ഇംഗ്ളീഷ്,മലയാളം മീ‌ഡിയമുള്ള സ്‌കൂളിൽ പുതിയ കെട്ടിടങ്ങൾ സജ്ജമാക്കി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

സ്‌കൂളിന് വേണ്ടത്

1.ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കണം.

2.അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.

3.സ്കൂളിന് മുന്നിലുള്ള പഴയ കെട്ടിടങ്ങൾ നവീകരണം.

4.ഉപയോഗ ശൂന്യമായ സ്ഥലത്ത് സ്റ്റേഡിയം നിർമ്മിക്കണം

ചരിത്രത്തിലേക്ക്

1889ൽ ആയില്യം തിരുനാളാണ് സ്കൂൾ സ്ഥാപിച്ചത്. പട്ടം താണുപിള്ള,സഹോദരൻ അയ്യപ്പൻ,യു.പത്മനാഭ കുക്കിലിയ,മറൈമലൈ അടിമകൾ എന്നിവർ അദ്ധ്യാപകരായിട്ടുണ്ട്. പിൽക്കാലത്ത് സർക്കാർ ഏറ്റെടുത്ത് അട്ടക്കുളങ്ങര വെർണാക്കുലർ ഹൈസ്കൂൾ എന്നാക്കി. തിരുവിതാംകൂർ ഭരണകാലത്ത് പ്രിന്റിംഗ് പ്രസ് ഉൾപ്പടെ ഇവിടെ പ്രവർത്തിച്ചിരുന്നു. 1970 കാലഘട്ടത്തിൽ സ്കൂളിൽ കഥകളിയും പഠിപ്പിച്ചിരുന്നു.

''വിദ്യാർത്ഥികൾക്കായി മികച്ച പഠനാന്തരീക്ഷമാണ് ഇവിടെയുള്ളത്. വിദ്യാലയം പിന്നാക്ക

അവസ്ഥയിലാണെന്ന തോന്നൽ മാറ്റിയാൽ കൂടുതൽ വിദ്യാർത്ഥികളെത്തും.''

സ്കൂൾ എച്ച്.എം സിൽവി ഡേവിസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL