
വിതുര: വിതുര പഞ്ചായത്തിലെ മണിതൂക്കി വാർഡിന്റെ പരിധിയിലുള്ള കളിയിക്കൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ ഒന്നരമണിയോടെ കളിയിക്കൽ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കളിയിക്കൽ കുന്നിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ വീടിന് മുകളിൽ തെങ്ങ് മറിച്ചിട്ടു. മേഖലയിലെ കൃഷികൾ മുഴുവൻ നശിപ്പിച്ചു. നാട്ടുകാർ തുരത്തിവിടാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങിയില്ല. രാത്രി മുഴുവൻ മേഖലയിൽ ഭീതിപരത്തി വിഹരിക്കുകയായിരുന്നു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കാട്ടിൽ നിന്നും വളരെ പെട്ടെന്ന് ജനവാസമേഖലകളിലേക്കിറങ്ങുകയാണ് പതിവ്. ഒരാഴ്ചയായി മേഖലയിൽകാട്ടാനശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനപാലകർക്ക് അനവധി തവണ പരാതികൾ നൽകിയിട്ടുണ്ട്. ആനക്കിടങ്ങും വൈദ്യുതവേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പകൽസമയത്തുപോലും മേമല പേപ്പാറ റോഡിൽ കാട്ടാനകളിറങ്ങുന്നുണ്ട്. ആനശല്യത്തിന് തടയിടുമെന്നാണ് വനപാലകർ വ്യക്തമാക്കുന്നത്.
കരടിയും
കളിയിക്കൽ മേഖലയിൽ കരടിയുടെയും കാട്ടുപോത്തുകളുടെയും ശല്യമുണ്ട്. ചക്ക സീസണാകുമ്പോഴാണ് കരടികളെത്തുന്നത്. മേഖലയിലെ പ്ലാവുകളിലെ ചക്ക മുഴുവൻ കരടികൾ തിന്നുതീർക്കും. നാട്ടുകാരെ ആക്രമിക്കുവാൻ ശ്രമിച്ച സംഭവവുമുണ്ടായി.
കാട്ടാനശല്യം രൂക്ഷമായ മേഖലകൾ
മാങ്കാല,മേമല,പേപ്പാറ,പൊടിയക്കാല,കുട്ടപ്പാറ,കല്ലാർ,പൊൻമുടി,ആറാനക്കുഴി,ആനപ്പാറ മൊട്ടമൂട്,അല്ലത്താര,കൊമ്പ്രാംകല്ല്,ചണ്ണനിരവട്ടം,ചാമക്കാല,മണലി,തലത്തൂതക്കാവ്, കല്ലൻകുടി,മണിതൂക്കി,ജഴ്സിഫാം,ബോണക്കാട്,ചാത്തൻകോട്,ചെമ്മാംകാല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |