പാലോട്: ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനുമായി സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായോ അല്ലാതെയോ ജീവിതം അവസാനിപ്പിക്കുന്ന യുവതി യുവാക്കളുടെ എണ്ണം പെരുകുന്നു. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലും കോളനികളിലും യുവതി യുവാക്കളുടെ ആത്മഹത്യ നിരക്ക് വളരെ കൂടുതലാണ്. കൂടുതൽ ബോധവത്കരണത്തിനോ ആത്മഹത്യയെകുറിച്ചുള്ള പഠനത്തിനോ കൗൺസിലിംഗിനോ അധികാരികാരികൾ തയ്യാറാകേണ്ടതുണ്ട്.
വനം,പൊലീസ്,എക്സൈസ്,ട്രൈബൽ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലാതെ ആദിവാസി മേഖലയിലും മറ്റ് ഗ്രാമീണ മേഖലയിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ കഴിയില്ല. റസിഡൻസ് അസോസിയേഷനുകളുടെകൂടി സഹകരണത്തോടെ ഇത്തരം സംഘങ്ങൾക്കെതിരെ നടപടിയെടുക്കണം.
ലഹരി പ്രധാന വില്ലൻ
പൊലീസ്, എക്സൈസ് ടീം നേരിട്ട് അന്വേഷണത്തിനിറങ്ങിയിട്ടും ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ലഹരി സംഘങ്ങളുടെ വിഹാരം തുടരുകയാണ്. നന്ദിയോട്, പെരിങ്ങമ്മല,പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും സമാന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ്.
ആത്മഹത്യകൾ പെരുകുന്നു
പലതരം ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല. ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഇവരിലധികവും.
പൊലീസ് നടപടി ശക്തം
ആദിവാസി മേഖലകൾ ഉൾപ്പെടെ ലഹരിക്കെതിരെയുള്ള പരിശോധന ശക്തമാക്കി പൊലീസ്. പരിശോധന ശക്തമാകുമ്പോൾ പിന്തിരിയുന്ന ലഹരി മാഫിയ പരിശോധനകൾ കുറയുന്നതോടെ വീണ്ടും രംഗത്തെത്തുകയാണ് പതിവ്. വനമേഖലയോട് അടുത്ത പ്രദേശങ്ങളാണ് ഇത്തരം സംഘങ്ങളുടെ താവളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |