SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

പിരിച്ചു വിട്ടവരെ തിരിച്ചെടുത്തേക്കും : പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കുന്നു

തൃശൂർ: കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിച്ചേക്കും. ഇന്നലെ കെ.രാധാകൃഷ്ണൻ എം.പിയുടെയും നിയുക്ത എം.എൽ.എ യു.ആർ.പ്രദീപിന്റെയും അടിയന്തര ഇടപെടലിലാണ് പ്രശ്ന പരിഹാരമായത്. കെ.രാധാകൃഷ്ണൻ മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട് ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നടപടി പിൻവലിക്കാൻ നിർദേശം നൽകിയത്. സ്ഥിരം ജീവനക്കാരുടെ അഭാവത്തിൽ താത്കാലികക്കാരെ വച്ചാണ് പഠനം മുന്നോട്ട് പോയിരുന്നത്. ഇവരെ പിരിച്ചുവിട്ടതോടെ ജോലി ഭാരം കൂടും എന്ന് മാത്രമല്ല, പ്രവർത്തനവും താളം തെറ്റുമായിരുന്നു. 69 അദ്ധ്യാപകരടക്കം 125 താത്കാലികക്കാരെയാണ് പിരിച്ചുവിട്ടത്. ഒരു വർഷത്തേക്കായിരുന്നു നിയമനം. എന്നാൽ കരാർ കാലാവധി തീരുന്നതിന് നാലു മാസം മുമ്പാണ് പിരിച്ചുവിട്ടത്. അതേസമയം വിവിധ സംഘടനകൾ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഫണ്ട് കൃത്യമായി ലഭിച്ചില്ലെങ്കിൽ വീണ്ടും പ്രവർത്തനം അവതാളത്തിലായേക്കും. പിരിച്ചു വിട്ടവരിൽ ഭൂരിഭാഗം പേരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണ്.ഇതോടെ ഇവർ എം.പിക്കും നിയുക്ത എം.എൽ.എക്കും നിവേദനം നൽകുകയായിരുന്നു. വർഷങ്ങളായി സ്ഥിരം ജീവനക്കാർക്ക് തന്നെ ശമ്പളം കൃത്യമായി ലഭിക്കാറില്ല. സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് പദ്ധതിയിതര ഫണ്ട് അനുവദിക്കാനാവില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കലാരംഗത്തെ പല പ്രശസ്തരും പിരിച്ചുവിട്ടവരിലുണ്ടായിരുന്നു. നാട്ടിൽ നടക്കുന്ന പരിപാടികൾ, വിദേശ പരിപാടികൾ എന്നിവയിലൂടെയാണ് ഫണ്ട് ലഭിച്ചിരുന്നത്. എന്നാൽ ഓരോ വർഷം ചെല്ലുംതോറും പരിപാടികളുടെ എണ്ണം കുറഞ്ഞു. ആദ്യകാലങ്ങളിൽ പരിപാടികൾ ഏറെ ജനപ്രിയമായിരുന്നെങ്കിൽ പുത്തൻകാലഘട്ടത്തിൽ മറ്റ് കലാരൂപങ്ങൾ കടന്നുവന്നതോടെ പരിപാടി കുറഞ്ഞു.

പ്രതിഷേധം ശക്തമാകും മുൻപ് നടപടി

നടപടി റദ്ദാക്കണമെന്നമെന്നാവശ്യപ്പെട്ട് യുവകലാസാഹിതിയും ബി.ജെ.പിയും ഉൾപ്പെടെ രംഗത്തെത്തി. നടപടി റദ്ദാക്കണമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യുവകലാസാഹിതി പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ.ഒ.കെ.മുരളീകഷ്ണനും ആവശ്യപെട്ടിരുന്നു കലാമണ്ഡലത്തെ തകർക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രസർക്കാരിന് കൈമാറണമെന്ന ആവശ്യം ഉയർത്തി തപസ്യ കലാ സാഹിത്യ വേദി ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL