തൃശൂർ: നഗരത്തെ മയക്കുമരുന്ന് വിമുക്തമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിൽ ശിൽപ്പം. സ്വരാജ് റൗണ്ടിൽ നിന്ന് വടക്കേ സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന റോഡിന്റെ വശത്താണ് സ്റ്റീലിൽ നിർമ്മിച്ച ശിൽപ്പം ഉയരുന്നത്. പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് കോർപ്പറേഷൻ സ്ഥലം അനുവദിച്ചതായി കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു.
മയക്കുമരുന്നിനെതിരെയുള്ള പൊലീസിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് ശിൽപം തയ്യാറാക്കിയത്. അവസാന മിനുക്കുപണി നടക്കുകയാണ്. ഈ മാസം അവസാനത്തോടെ ശിൽപ്പം സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നത് കണക്കിലെടുത്ത് കുട്ടികളെയും യുവതീ -യുവാക്കളെയും ലഹരി മാഫിയയിൽ നിന്ന് രക്ഷിക്കാനുള്ള നടപടികളാണ് പൊലീസ് എടുക്കുന്നത്.
കൂടുതൽ പൊലീസുകാരെ ബോധവത്കരണ പരിപാടികൾക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താനും നിയോഗിക്കും. പുതുവർഷത്തലേന്ന് തേക്കിൻകാട് മൈതാനിയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ ലഹരിക്കടിമകളാണെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂൾ കുട്ടികൾ വരെ ലഹരിക്കടിമകളായി കത്തിയുമായി നടക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരക്കാരെ കണ്ടെത്താനുള്ള മാർഗങ്ങളും ആസൂത്രണം ചെയ്തു വരികയാണ്. മദ്യം കഴിക്കുന്നവരെയും പുകുവലിക്കുന്നവരെയും കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഇത്തരക്കാരെ കണ്ടെത്താനും മനസിലാക്കാനും ഉതകുന്ന രീതിയിൽ വിദഗദ്ധരുടെ ക്ലാസ് പൊലീസുകാർക്ക് നൽകും.
കുട്ടികളെ നിരീക്ഷിക്കാൻ പദ്ധതി: കമ്മിഷണർ
തേക്കിൻകാട് മൈതാനിയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ നിരീക്ഷിക്കാൻ പൊലീസ് പുതിയ പദ്ധതി ആസൂത്രണം ചെയ്തതായി സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു. 10, 12 ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ സ്‌കൂളിലെത്താത്തവരുടെയും തുടർച്ചയായി മുടങ്ങുന്നവരുടെയും ലിസ്റ്റ് കൈമാറാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ഇത്തരം കുട്ടികളെ നിരീക്ഷിച്ച് അവർ എന്തുകൊണ്ടാണ് സ്‌കൂളിൽ വരാത്തതെന്നും ഇടയ്ക്കിടെ മുടങ്ങുന്നതിന്റെ കാരണമെന്തെന്നും കണ്ടെത്തും. മയക്കുമരുന്നിന് അടിമകളായിട്ടാണോ, വീട്ടിലെ പ്രശ്‌നങ്ങൾ മൂലമാണോയെന്ന് പരിശോധിക്കും. ചിലർ മൊബൈൽ കളികളിൽ ഉൾപ്പെട്ടിട്ടുള്ളവരുണ്ടാകും. എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് പദ്ധതി. ഇതുപോലെ സ്‌കൂളുകളിൽ നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കി പുറത്താക്കുന്ന കുട്ടികളുടെ വിവരങ്ങളും നൽകാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |