
വ്യാജപ്രചാരണം ശക്തം, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
തൃശൂർ: എച്ച്.എം.പി വൈറസ് സംബന്ധിച്ച് അനാവശ്യ പ്രചാരണം, യാതൊരു ആശങ്കയും വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അധികൃതർ. കഴിഞ്ഞ ദിവസം ജില്ലയിൽ 11 പേർ എച്ച്.എം.പി വൈറസ് ബാധയെത്തുടർന്ന് നിരീക്ഷണത്തിലാണെന്ന വിധം വാർത്തകൾ പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നിന്നോ സ്വകാര്യ ആശുപത്രികളിൽ നിന്ന് റിപ്പോർട്ടുകളൊന്നും ജില്ലാ മെഡിക്കൽ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
2001 മുതൽ എച്ച്.എം.പി വൈറസ് രാജ്യത്തുണ്ട്. ജലദോഷവും പനിയും വരുന്നത് ഭൂരിഭാഗവും എച്ച്.എം.പി വൈറസ് കാരണമാണ്. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കൂ. അതേസമയം എത് സഹചര്യവും നേരിടാനുള്ള സംവിധാനം ജില്ലയിലും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും ഒരുക്കിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധികൾ ഉള്ളവർ പൊതുനിർദേശങ്ങൾ പാലിക്കുക, ആൾക്കൂട്ടത്തിനിടെ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നതാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന നിർദേശം. ഐസൊലേഷൻ വാർഡ് സജ്ജമാക്കിയതായി പ്രിൻസിപ്പൽ ഡോ.എൻ. അശോകൻ അറിയിച്ചു.
വീണ്ടും മാസ്‌കിലേക്ക്
കൊവിഡ് 19 വന്ന് രണ്ടുവർഷക്കാലം പകർച്ചവ്യാധി തടയുന്നതിനായി നിർബന്ധമാക്കിയ മാസ്‌ക് പുതിയ വൈറസ് ബാധയെന്ന പ്രചാരണത്തോടെ വീണ്ടുമെത്തുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നിരവധി പേരാണ് മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നത്. മെഡിക്കൽ ഷോപ്പുകളിലും മാസ്‌കിന്റെ വിൽപ്പനയിൽ വർദ്ധനവുണ്ടെന്ന് ഉടമകൾ പറയുന്നു.
സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം
എച്ച്.എം.പി വൈറസ്, കൊവിഡ് പോലെ മാരകമാണെന്ന സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണം അനാവശ്യം. ലക്ഷണങ്ങളും മറ്റും പൊലിപ്പിച്ചാണ് പ്രചാരണം. വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് അധികൃതർ.
തൃശൂർ ജില്ലയിൽ ഇതുവരെ എച്ച്.എം.പി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. അനാവശ്യ ഭീതി ഒഴിവാക്കണം. ജലദോഷപ്പനിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന വൈറസാണിത്.
- ഡോ. സതീഷ്, ഡെപ്യൂട്ടി ഡി.എം.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |