SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

പൂരം വിവാദങ്ങൾ ഒഴിയുന്നില്ല വെടിക്കെട്ട് സുരക്ഷയ്ക്ക് ഫയർഫോഴ്‌സിന് ഫീസ്

fire

തൃശൂർ: ആനയെഴുന്നള്ളിപ്പും വെടിക്കെട്ട് പ്രതിസന്ധിയുമൊക്കെ തരണം ചെയ്ത് വരുമ്പോൾ അടുത്ത നോട്ടീസ്. വെടിക്കെട്ട് സുരക്ഷയ്ക്ക് പണം ആവശ്യപ്പെട്ട് ഫയർഫോഴ്‌സാണ് നോട്ടീസ് നൽകിയത്. പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിന് സുരക്ഷയൊരുക്കിയതിനാണ് ഫയർ എൻജിൻ ഉപയോഗിച്ചതിന്റെ സ്റ്റാൻഡ് ബൈ ഡ്യൂട്ടി എന്ന പേരിൽ 14,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷൻ ഓഫീസർ വി.വൈശാഖ് നോട്ടീസ് നൽകിയത്. ഇത് സാധാരണയായി കൊടുക്കാറുള്ളതാണെന്ന് ഫയർഫോഴ്‌സ് അധികാരികൾ പറയുന്നുണ്ടെങ്കിലും നാളിതുവരെയായി ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ പറഞ്ഞു. ഇനി അടുത്തൊരു പ്രതിസന്ധി വേണ്ടെന്ന് കരുതി പാറമേക്കാവ് ദേവസ്വം തുകയടച്ചു. പക്ഷേ, തിരുവമ്പാടി പണമടച്ചിട്ടില്ല. സർക്കാർ ഇടപെട്ട് ഈ നടപടി തിരുത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ആവശ്യം.
ഇത് വർഷങ്ങളായി ചെയ്തു വരുന്നതാണെന്നും ഉത്സവങ്ങളോടനുബന്ധിച്ച് എല്ലാ പള്ളികൾക്കും ക്ഷേത്രങ്ങൾക്കും ഉത്സവങ്ങൾ നടത്തുന്നവർക്കും ഫീസ് അടയ്ക്കാൻ നോട്ടീസ് കൊടുക്കാറുണ്ടെന്ന് സ്‌റ്റേഷൻ ഓഫീസർ വൈശാഖ് പറഞ്ഞു. സർക്കാർ ഇടപെട്ട് ഫീസ് വേണ്ടെന്ന് വച്ചാൽ മാത്രമേ ഇതിൽ നിന്നൊഴിയാൻ സാധിക്കൂ.
പാറമേക്കാവിന്റെ വേല വെടിക്കെട്ട് മൂന്നിനും തിരുവമ്പാടിയുടെ അഞ്ചിനുമായിരുന്നു വേല വെടിക്കെട്ട്. തുടക്കത്തിൽ ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതോടെ ഹൈക്കോടതി വഴിയാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ടിന് അനുമതി നേടിയത്. വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതോടെ പൂരം വെടിക്കെട്ടും പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലായിരുന്നു. എന്നാൽ, ഹൈക്കോടതി അനുമതി നൽകിയതോടെ പൂരം വെടിക്കെട്ടും നടക്കുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് മറ്റൊരു പ്രതിസന്ധി. പൂരവുമായി സഹകരിക്കുന്ന എല്ലാ വകുപ്പുകളും ഇത്തരത്തിൽ ഫീസ് ചോദിച്ചാൽ ദേവസ്വങ്ങളും കഷ്ടത്തിലാകും. പൂരത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശനത്തിന്റെ തറവാടക സംബന്ധിച്ച തർക്കം ഇനിയും വേണ്ട രീതിയിൽ പരിഹരിച്ചിട്ടില്ല. ഇനിയും കുടിശിക ചോദിച്ച് കൊച്ചിൻ ദേവസ്വം രംഗത്തുണ്ട്. പൂരം പ്രദർശനം രണ്ട് മാസത്തിനുശേഷം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കുടിശിക അടയ്ക്കാതെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രദർശനത്തിന് തടസമുണ്ടാക്കുമോ എന്ന ആശങ്കയിലാണിപ്പോൾ.


പതിനായിരങ്ങൾ കൂടുന്ന തൃശൂർ പൂരത്തിന് ഫീസ് ചോദിക്കില്ല. വലിയ ആഘോഷങ്ങൾക്ക് സുരക്ഷയൊരുക്കേണ്ടത് ചുമതലയാണ്. സർക്കാരോ കളക്ടറോ പറഞ്ഞാൽ മറ്റ് ഉത്സവങ്ങൾക്ക് ഫീസ് വാങ്ങിക്കുന്നതിൽ നിന്ന് പിൻമാറാം. പക്ഷേ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് നോട്ടീസ് നൽകാതിരിക്കാൻ സാധിക്കില്ല.

-വി.വൈശാഖ്, ഫയർ സ്‌റ്റേഷൻ ഓഫീസർ, തൃശൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL