
തൃശൂർ: കാലാവധി കഴിഞ്ഞ ക്ഷേത്രോപദേശക സമിതികൾക്ക് പകരം ഉത്സവ നടത്തിപ്പിന് കൊച്ചിൻ ദേവസ്വം ബോർഡ് ഉത്സവാഘോഷ കമ്മിറ്റികൾ രൂപകരിക്കുന്നു. നവംബർ ഒന്നിന് മുൻപ് കാലാവധി കഴിഞ്ഞ ക്ഷേത്രങ്ങളിലാണ് ഉത്സവാഘോഷ കമ്മിറ്റികൾ രൂപീകരിക്കുക. ഹൈക്കോടതി വിധിക്ക് വിധേയമായിട്ടാകും രൂപീകരണം. ഏപ്രിൽ 30 വരെയാകും ഈ സമിതികളുടെ കാലാവധി.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവർ ഭാരവാഹികളും ദേവസ്വം ഓഫീസർ ട്രഷററുമായി പരമാവധി 17 അംഗ കമ്മിറ്റിയാകും രൂപീകരിക്കുക. ഒരു ക്ഷേത്ര ജീവനക്കാരൻ കൂടി കമ്മിറ്റിയിലുണ്ടാകും. ദേവസ്വം ഉദ്യോഗസ്ഥർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളിൽ നിന്നാകും ഭാരവാഹികളെ തിരഞ്ഞെടുക്കുക. അഭിപ്രായ സമന്വയം ഉണ്ടായില്ലെങ്കിൽ തിരഞ്ഞെടുക്കുന്നവർക്ക് ഭാരവാഹിയാകാം.
അതേസമയം കമ്മിറ്റികളെ അംഗീകരിക്കുന്നതിനുള്ള അധികാരം ദേവസ്വം ബോർഡിനാണ്. ഇന്റേണൽ ഓഡിറ്ററെയും നിയമിക്കണം. തൃപ്പുണിത്തുറ, വടക്കുന്നാഥൻ, തൊട്ടിപ്പാൾ, മച്ചാട് തിരുവാണിക്കാവ് ഉൾപ്പെടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളിലെ ഉപദേശ സമിതികളുടെ കാലാവധി അവസാനിച്ചിരുന്നു.
സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കില്ല
ഉത്സവാഘോഷ സമിതിയുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകൾക്ക് ദേവസ്വം ബോർഡ് ഉത്തരവാദികളല്ലെന്നും ദേവസ്വം സർക്കുലറിലുണ്ട്. സമിതി സെക്രട്ടറി, ട്രഷറർ എന്നിവരുടെ പേരിലാണ് അക്കൗണ്ടുകൾ ആരംഭിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |