
തൃശൂർ: ധനുമാസത്തിലെ തിരുവാതിരയ്ക്ക് പുതിയ നൃത്തച്ചുവടുകളും ശീലുകളുമായി ഒരുങ്ങുകയാണ് കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘം. ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യനിദാനച്ചടങ്ങുകളും കൊമ്പൻമാരിലെ സൂപ്പർ സ്റ്റാർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും വർണിച്ച് ചുവടുകളൊരുക്കി ശ്രദ്ധേയരായ സംഘത്തിന് ഇക്കുറിയുമുണ്ട്, ഒരു മാസ്റ്റർ പീസ്..!
മൺമറഞ്ഞുപോയവരും ഇപ്പോൾ തലയെടുപ്പോടെ നിൽക്കുന്നതുമായ തായമ്പക കലാകാരൻമാരുടെ പേരുകൾ ഉൾപ്പെടുത്തിയ തിരുവാതിരപ്പാട്ടും കളിയുമാണ് ഇക്കുറി കാണിപ്പയ്യൂർ ടീമിന്റെ ഹൈലൈറ്റ്സ്. മലയാളത്തിന്റെ അസുരവാദ്യപ്പെരുമയോതുന്ന പാലേലി മോഹന്റെ വരികൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തിയ കാണിപ്പയ്യൂർ ടീമിന്റെ തിരുവാതിരകളിയുടെ അരങ്ങേറ്റം വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവത്തിനാണ്.
പരമ്പരാഗത ശൈലി മുറുകെ പിടിക്കുന്നതോടൊപ്പം അൽപ്പം വ്യത്യസ്തത കൂടി ചേർത്താണ് അവതരണം. കാണിപ്പയ്യൂർ മനയിലെ ശ്രീലത നാരായണന്റെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് തിരുവാതിരകളി അരങ്ങിലെത്തിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പെരുമയെ വർണിച്ചെഴുതിയതും പാലേലി മോഹനായിരുന്നു.
രണ്ടുവർഷം മുമ്പ് ഗുരുവായൂരിലെ കാര്യാലയ ഗണപതി, ഇടത്തരികത്തുകാവ് ഭഗവതി മുതൽ പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, എണ്ണയഭിഷേകം, വാകച്ചാർത്ത്, ഉഷഃപൂജ, അത്താഴപൂജ തുടങ്ങി ഓലവായനിലൂടെ അവസാനിക്കുന്ന ചടങ്ങുകളെല്ലാം കൈകൊട്ടിക്കളിയായി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ദിലീപ് കരുവാടിന്റെ വരികളായിരുന്നു കൈകൊട്ടിക്കളി രൂപത്തിൽ അന്ന് ചിട്ടപ്പെടുത്തിയിരുന്നത്.
തലയെടുപ്പോടെ തായമ്പകക്കാർ
ഒരുകാലത്ത് മേളത്തിലും തായമ്പകയിലും തലയെടുപ്പോടെ നിന്ന തൃത്താലക്കാരും മലമക്കാവ് ആശാനും ശിഷ്യൻ രാമനും ആലിപ്പറമ്പ് സഹോദരരും ചിതലിയും പല്ലാവൂരും പല്ലശ്ശനക്കാരും പൂക്കാട്ടിരിയുമെല്ലാം തിരുവാതിരയുടെ ഈരടിയിലും ചുവടുകളിലുമുണ്ടാകും. നിലവിലെ കേമൻമാരായ മട്ടന്നൂരും അച്യുതൻകുട്ടിയും പോരൂരും ചെഴുതാഴം ചന്ദ്രനും കല്ലൂരിന്റെ പെരുമയുമെല്ലാം കാണിപ്പയ്യൂർ ടീമിന്റെ തിരുവാതിരയിൽ പരാമർശിക്കും.
പനമണ്ണയുടെ കീർത്തിയും ഒറ്റപ്പാലം ഹരിയും തൃപ്രങ്ങോട്ടാശാനും നീലേശ്വരത്തിന്റെ കേമത്വവും ചിറയ്ക്കൽ നിതീഷും ശുകപുരവും ചെറുശ്ശേരിയുമെല്ലാം നൃത്തച്ചുവടുകളിൽ ഭദ്രമാകും. അത്തല്ലൂരും ഹരീഷും പിന്നെ, തായമ്പകയിലെ പെൺപേരുകളായ ഡോ. നന്ദിനി വർമ്മയും രഹിതയും ശോഭിതയുമെല്ലാം മലയാളത്തനിമ പകരുന്ന തിരുവാതിരയുടെ ഈരടികളിലുണ്ട്.
നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കുറിച്ചും തൃശൂർ പൂരത്തെക്കുറിക്കും എഴുതി കൈകൊട്ടിക്കളി രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. തായമ്പകയുടെ വരികൾ ആറര മിനിട്ട് ദൈർഘ്യമുള്ളതാണ്.
- പാലേലി മോഹൻ, ഗാനരചയിതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |