
വാടാനപ്പിള്ളി: വികസന പാതയിലേക്ക് കുതിക്കാനൊരുങ്ങി വാടാനപ്പിള്ളി ബീച്ച് ടൂറിസം. മുരളി പെരുനെല്ലി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 10 കോടിയോളം രൂപ ചെലവിട്ടാണ് വമ്പൻ പദ്ധതികൾ നടപ്പിലാക്കുന്നത്. രണ്ടര ഏക്കറോളം സ്ഥലം ബീച്ചിൽ ഉണ്ടെങ്കിലും സ്‌റ്റേജും ടോയ്‌ലറ്റും അല്ലാതെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒന്നുംതന്നെ ഇല്ല. 1996ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ ടൂറിസം പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. മന്ത്രിയായിരുന്ന വി.വി.രാഘവൻ ടൂറിസം പദ്ധതിക്ക് കല്ലിട്ടു. വിശ്രമ കേന്ദ്രം, കുട്ടികളുടെ പാർക്ക്, ഐസ്ക്രീം പാർലർ , വൈദ്യുതി അലങ്കാരം, ഇരിപ്പിടം, വാടാനപ്പിള്ളി ബീച്ച് മുതൽ കടലോരം വഴി ചേറ്റുവ വരെ കളി തീവണ്ടി, കായലിൽ ബോട്ട് സർവീസ് തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കാനായിരുന്നു തീരുമാനം. ബീച്ചിലെ ഫിഷറീസ് വക സ്ഥലം ഭിത്തി കെട്ടി സംരക്ഷിച്ചതല്ലാതെ ഒരു വികസനവും നടന്നില്ല. ടൂറിസം സാധ്യത വിലയിരുത്തി 2005ൽ വന്ന വാടാനപ്പിള്ളി പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി ബീച്ച് ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു. രണ്ട് വർഷം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് വന്ന യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയും ഫെസ്റ്റിവലിന് രൂപം നൽകിയെങ്കിലും നടന്നില്ല.
വർഷംതോറും ഉണ്ടാകുന്ന കടലാക്രമണവും ഇതേ തുടർന്നുണ്ടായ റോഡിന്റെ തകർച്ചയും ബീച്ച് വികസന സാധ്യതക്ക് മങ്ങലേൽപ്പിച്ചു. ഇതിനിടയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്‌റ്റേജും കവാടവും നിർമ്മിച്ചെങ്കിലും മറ്റ് പ്രവൃത്തികൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല.
ടൂറിസത്തിന് ഏറെ സാധ്യതയുണ്ടായിട്ടും ബീച്ചും സഞ്ചാര സൗകര്യവും ഉണ്ടായിട്ടും വാടാനപ്പിള്ളി ബീച്ചിനെ തഴഞ്ഞതോടെ പ്രതിഷേധം ഏറി. ഇതോടെയാണ് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ബീച്ചിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. പഞ്ചായത്തിന്റെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടപെടലിൽ ഫണ്ട് നീക്കിവയ്ക്കാൻ മുരളി പെരുനെല്ലി എം.എൽ.എ തീരുമാനിക്കുകയായിരുന്നു.
10 കോടിയുടെ ടൂറിസം പദ്ധതിയിൽ ആദ്യ ഘട്ടമായി രണ്ട് കോടിയുടെ പദ്ധതി നടപ്പിലാക്കും. കുട്ടികളുടെ പാർക്ക്, വിശ്രമകേന്ദ്രം, ഭക്ഷണശാല, ഐസ്‌ക്രീം പാർലർ, വൈദ്യുത ദീപാലങ്കാരം, ബോട്ട് സർവീസ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
നിലവിൽ അവധി ദിവസങ്ങളിലും മറ്റുമായി നിരവധി പേരാണ് ബീച്ചിലെത്തുന്നത്. പദ്ധതി നടപ്പിലായാൽ ഇത് വർദ്ധിക്കും. നിലവിൽ ഒരു ഭക്ഷണശാല പോലും ഇല്ലാത്തതിനാൽ വരുന്നവർ അപ്പോൾ തന്നെ മടങ്ങുകയാണ്. രാത്രി ബീച്ച് ഇരുട്ടിലാണ്. വികസനം വന്നാൽ ബീച്ചിന്റെ മുഖച്ഛായ മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |