
തൃശൂർ: ഒഴിവാക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചെറുതുരുത്തി മുതൽ കൊരട്ടി വരെയുള്ള റെയിൽവേ ഗേറ്റുകൾ ഇന്നും ഒഴിയാബാധ. പ്രദേശവാസികളുടെ സുഗമസഞ്ചാരത്തിനുമേൽ തുറന്നും അടഞ്ഞും വിഘാതം സൃഷ്ടിക്കുകയാണ് ഗേറ്റുകൾ. ഗുരുവായൂർ പാതയിലും സ്ഥിതി അന്യമല്ല. ചെറുതുരുത്തി പൈങ്കുളം, മുള്ളൂർക്കര, വടക്കാഞ്ചേരി മാരാത്തുകുന്ന്, എങ്കക്കാട്, പാർളിക്കാട്, പൂങ്കുന്നത്ത് രണ്ടെണ്ണം, കോലഴി പോട്ടോർ, ചൂലിശേരി, റെയിൽവേ സ്റ്റേഷനടുത്ത്, വടൂക്കര, നെടുപുഴ, തൈക്കാട്ടുശേരി, പുതുക്കാട്, എറവക്കാട്, നന്തിക്കര, മുരിയാട് പൂവശേരിക്കാവ്, കേരളഫീഡ്‌സ് വഴി, വെള്ളാഞ്ചിറ, കൊരട്ടി മുരിങ്ങൂർ ഗവ. പ്രദശത്ത് ആറ്റംപാടത്തേക്ക് പോകുന്ന കൊരട്ടി മുരിങ്ങൂർ ഗേറ്റ് എന്നിങ്ങനെയാണ് പ്രധാന റെയിൽവേ ഗേറ്റുകൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് റെയിൽവേ മേൽപ്പാലം നിർമ്മിച്ചതെങ്കിലും ഇപ്പോൾ പൂർണമായും റെയിൽവേ നേരിട്ടാണ് പണിയുന്നത്. പൈങ്കുളം, പോട്ടോർ, പുതുക്കാട്, നെടുപുഴ, കല്ലേറ്റുംകരയ്ക്കടുത്ത് കേരള ഫീഡ്‌സ് എന്നീ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയുണ്ടെങ്കിലും പ്രവൃത്തികൾക്ക് ഒച്ചിഴയും വേഗമാണ്. 125 ഓളം ട്രെയിനുകളാണ് ജില്ലയിലൂടെ കടന്നുപോകുന്നത്.
നഗരാതിർത്തിയിലും കുരുക്ക്
പൂങ്കുന്നം, വടൂക്കര, നെടുപുഴ ഗേറ്റുകൾ അടച്ചിടുന്നത് മൂലമുള്ള ഗതാഗത തടസം വർഷങ്ങളായുള്ളതാണ്. തൃശൂർ റെയിൽവേ സ്റ്റേഷനടുത്ത് കിടക്കുന്ന പ്രദേശമാണ് വടൂക്കര. ഇവിടെ അടിപ്പാത അനിവാര്യമാണെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. നെടുപുഴയിൽ മേൽപ്പാല നിർമ്മാണത്തിന് നടപടിയായെങ്കിലും മെല്ലെപ്പോക്കാണ്. അപ്രോച്ച് റോഡിന്റെ ടെൻഡർ ആരംഭിച്ചിട്ടുണ്ടെന്ന ആശ്വാസം മാത്രമാണുള്ളത്. തൈക്കാട്ടുശേരി റെയിൽവേ ഗേറ്റ് അടച്ചാൽ നീളുന്ന ഗതാഗതക്കുരുക്കും മേഖലയിലുണ്ട്.
മേൽപ്പാലം സ്വപ്‌നം കാണണോ..?
ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നരക്കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പൈങ്കുളം റെയിൽവേ ക്രോസിലും മൂള്ളൂർക്കര ഗേറ്റിലും പ്രകടമാകുന്ന യാത്രാക്കുരുക്ക് പരിഹരിക്കാൻ ഇതുവരെയായിട്ടില്ല. ചെറുതുരുത്തിയിൽ നിന്നും ചേലക്കര, തിരുവില്വാമല, പഴയന്നൂർ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിന് കുറുകെയാണ് ഈ റെയിൽ പാത. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പൈങ്കുളം റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചിരുന്നു.
ഗുരുവായൂർ പാതയിൽ നാലെണ്ണം
ട്രെയിനുകൾ അധികം ഇല്ലെങ്കിലും പൂങ്കുന്നം ഗുരുവായൂർ പാതയിൽ നാല് റെയിൽവേ ഗേറ്റാണുള്ളത്. കുറ്റൂർ, ചൂരക്കാട്ടുകര, ചിറ്റാട്ടുകര, തോളൂർ ഗേറ്റുകളാണിത്.
സമരം ചെയ്തിട്ടും കാര്യമില്ല
വടക്കാഞ്ചേരി മേഖലയിൽ മാരാത്തുകുന്ന്, എങ്കക്കാട്, പാർളിക്കാട് റെയിൽവേ ഗേറ്റുകൾ തെല്ലൊന്നുമല്ല യാത്രാക്ലേശം സൃഷ്ടിക്കുന്നത്. എങ്കക്കാട് ഗേറ്റ് അടച്ചാൽ ഓട്ടുപാറ സെന്റർ വരെയെത്തുന്ന തരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. മാരാത്തുകുന്ന് ഗേറ്റ് ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും എങ്കക്കാട് വേണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിലും രംഗത്തുണ്ട്. പാർളിക്കാട് മേൽപ്പാലം നിർമ്മിക്കാൻ റെയിൽവേ തീരുമാനമെടുത്തെങ്കിലും തുടർ നടപടികളായിട്ടില്ല.
പുതുക്കാട് മൂന്നാം ട്രാക്കിൽ കുരുങ്ങി
പതിറ്റാണ്ടായുള്ള ആവശ്യമാണ് പുതുക്കാട് റെയിൽവേ മേൽപ്പാലം. 2002ൽ സർവേ നടത്തി രൂപരേഖ തയ്യാറാക്കാൻ റെയിൽവേ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനെ നിയോഗിച്ചു. രണ്ട് റെയിൽവേ ഗേറ്റുകൾ ഒഴിവാക്കിയുള്ള മൂന്ന് രൂപരേഖ സമർപ്പിച്ചു. 2019-20 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 40 കോടി വകയിരുത്തി കിഫ്ബി തുക അനുവദിച്ചു. 2022ൽ അനുമതി നൽകി. 10.5 കോടി ചെലവിട്ട് അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുത്തു. മൂന്നാംപാത നിർമ്മാണം പ്രഖ്യാപിച്ചതോടെ രൂപരേഖ മാറി. ഭേദഗതികളോടെ പുതിയ രൂപരേഖ സമർപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അംഗീകാരമായി. രൂപരേഖയിൽ വീണ്ടും മാറ്റം ആവശ്യപ്പെട്ടു. രൂപരേഖ സമർപ്പിച്ചെങ്കിലും അനുമതിയായില്ല. കേന്ദ്രമന്ത്രിയുടെ ഇടപെടലില്ലെന്ന ആരോപണവുമുണ്ട്.
ചാലക്കുടി മേഖലയിലും കുരുക്ക്
ചാലക്കുടി തുമ്പൂർ റോഡിൽ വെള്ളാഞ്ചിറ, കൊരട്ടി മുരിങ്ങൂർ ഗവ. പ്രദേശത്ത് ആറ്റംപാടത്തേക്ക് പോകുന്ന കൊരട്ടി മുരിങ്ങൂർ ഗേറ്റ്, കൊരട്ടി ചിറങ്ങര മേൽപ്പാലം എതാനും മാസങ്ങൾക്ക് മുമ്പാണ് കമ്മിഷൻ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |