SignIn
Kerala Kaumudi Online
Thursday, 22 October 2026 7.15 PM IST

ആനയെ കണ്ടെത്താനായില്ല : രണ്ടാം ദിനവും പരാജയം

ചാലക്കുടി: മസ്തകത്തിൽ മുറിവേറ്റ ആനയ്ക്കായി രണ്ടാം ദിനവും നടത്തിയ തെരച്ചിൽ പരാജയം. പ്ലാന്റേഷൻ കോർപ്പറേഷന്റെ വിവിധ ബ്ലോക്കിലും ഉൾക്കാട്ടിലുമായി നടന്ന അന്വേഷണം ഫലം കണ്ടില്ല. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടന്നു. പത്തിലധികം ആനകളെ നിരീക്ഷിച്ചെങ്കിലും മുറിവേറ്റ ആനയെ കണ്ടെത്തിയില്ല. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒന്നാം ബ്ലോക്കിൽ മുനിത്തറ ഭാഗത്ത് രാവിലെ ഏഴോടെയായിരുന്നു തെരച്ചിൽ തുടങ്ങിയത്.

വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി, അതിരപ്പിള്ളി റേഞ്ച് ഓഫീസർ ജീഷ്മ ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാന ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയയുടെ സംഘവും ഇവർക്കൊപ്പമുണ്ട്. മയക്കുവെടി വച്ച ശേഷം ആനയ്ക്ക് ചികിത്സ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് മലയാറ്റൂർ, ചാലക്കുടി ഡിവിഷൻ പരിധിയിൽ തെരച്ചിൽ നടത്തും. രാവിലെ ഏഴിന് ദൗത്യം പുനരാരംഭിക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. ബുധനാഴ്ച ആനയെ കണ്ടെത്തിയെങ്കിലും മയക്കുവെടി വയ്ക്കാനായില്ല. ചാലക്കുടിപ്പുഴയുടെ പ്ലാന്റേഷന്റെ വെറ്റിലപ്പാറ തുരുത്തിൽ നിന്ന ആനയെ പൈപ്പ് ബ്രോവൽ ഉപയോഗിച്ച് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാൻ വിദഗ്ദ്ധസംഘം ശ്രമിച്ചപ്പോൾ ആന കാട് കയറി പോകുകയായിരുന്നു. 17ന് ഏഴാറ്റുമുഖത്തെ എലിച്ചാണിപ്പാറയിലാണ് മസ്തകത്തിൽ മുറിവുള്ള ആനയെ കണ്ടെത്തിയത്.

ദൗത്യത്തിൽ ആറ് ആർ.ആർ.ടി സംഘം

മുറിവേറ്റ ആനയെ കണ്ടെത്തുന്ന ദൗത്യത്തിൽ പങ്കെടുക്കുന്നത് ആറ് ആർ.ആർ.ടി സംഘം. ചാർപ്പ, അതിരപ്പിള്ളി, ഷോളയാർ റേഞ്ചിലെ ഉദ്യോഗസ്ഥരും വാച്ചർമാരും അടങ്ങുന്നതാണ് ദൗത്യസംഘം. മയക്കുവെടിക്കുള്ള വയനാട്ടിലെ വിദഗ്ദ്ധരും ഇതിൽ ഉൾപ്പെടും. ഒന്ന്, മൂന്ന്, പതിനേഴ് ബ്ലോക്ക്, തടിമുടി, വാടാമുറി, ഫാക്ടറി ഡിവിഷൻ, കശുമാവിൻ തോട്ടം, ചാലക്കുടി പുഴയുടെ തീരം, എലിച്ചാണി, പറയാൻപ്പാറ, കുളിരാൻതോട് എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ പരിശോധന. മാദ്ധ്യമ പ്രവർത്തകർക്ക് നിയന്ത്രണവും ഏർപ്പെടുത്തി. പ്ലാന്റേഷൻ റോഡിലെ വെറ്റിലപ്പാറ ചെക്ക് പോസ്റ്റിൽ എല്ലാവരെയും തടഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL