തൃശൂർ : കുഷ്ഠരോഗ നിർണയ മെഗാ ക്യാമ്പയിനുമായി ആശാ വർക്കറുടെയും തെരഞ്ഞെടുത്ത ഒരു പുരുഷ വൊളന്റിയറുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം. കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് 30 മുതൽ ഫെബ്രുവരി 12 വരെ നീളുന്ന അശ്വമേധം 6.0 എന്ന പേരിലാണ് ഭവനസന്ദർശനം ആരംഭിക്കുന്നത്. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ.
'പാടുകൾ നോക്കാം ആരോഗ്യം കാക്കാം' എന്ന സന്ദേശമുയർത്തി രോഗലക്ഷണം കാണിക്കുന്ന ചിത്രങ്ങൾ സഹിതമാണ് ഭവന സന്ദർശനമെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ.ഫ്‌ളെമിൻ ജോസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എൻ.സതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗലക്ഷണം തോന്നിക്കുന്ന തരത്തിലുള്ള പാടുകൾ സംഘം പരിശോധിച്ച് റിപ്പോർട്ട് ചെയ്യും. ക്യാമ്പിന്റെ ഭാഗമായി ആശാ വർക്കർമാർ, പുരുഷ വളണ്ടിയേഴ്‌സ് എന്നിവരാണ് ടീമിലുള്ളത്.
ഈ വർഷം 24 പേർക്ക്
ഈ സാമ്പത്തിക വർഷം 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. നിലവിൽ 33 പേരാണ് ചികിത്സയിൽ. ഇതിൽ ഒരു കുട്ടിയും ഒരാൾ അംഗവൈകല്യം സംഭവിച്ചയാളുമാണ്. ഇതര സംസ്ഥാനതൊഴിലാളികളും ചികിത്സയിലുണ്ട്. കുഷ്ഠരോഗ നിർമ്മാർജനം എന്ന ലക്ഷ്യം നേടണമെങ്കിൽ തുടർച്ചയായി മൂന്ന് വർഷം കുട്ടികളിൽ രോഗബാധ കാണാൻ പാടില്ലെന്നാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ജില്ലയിൽ കുട്ടികളിൽ രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയാണ്. സംസ്ഥാനത്ത് കൂടുതൽ രോഗബാധിതരുള്ളത് മലപ്പുറത്തും പാലക്കാടുമാണ്. അതുകൊണ്ട് ജില്ലയിൽ രോഗമെത്താനുള്ള സാദ്ധ്യത കൂടുതലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ജില്ലാതല ഉദ്ഘാടനം
ഭവന സന്ദർശനത്തിന്റെ ഉദ്ഘാടനം 30 ന് രാവിലെ പത്തിന് വിമല കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ്, ഡി.എം.ഒ ശ്രീദേവി എന്നിവർ പങ്കെടുക്കുമെന്നും ലെപ്രസി ഓഫീസർ വാർത്താമ്മേളനത്തിൽ പറഞ്ഞു. വി.സാബു, പി.എ.സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.
2077 ഓടെ കേരളത്തിൽ നിന്നും രോഗം പൂർണമായും നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ എല്ലാവരും സഹകരിക്കണം
ഡോ.ഫ്‌ളെമിൻ ജോസ്
ജില്ലാ ലെപ്രസി ഓഫീസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |