SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

ഡിസോൺ കലോത്സവം വേദിയിൽ കലാപോത്സവം

  • മത്സരങ്ങൾ നിറുത്തി വച്ചു

തൃശൂർ: കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിൽ കലാപ വേദിയായി ഡിസോൺ കലോത്സവം. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഘർഷവും തുടർന്ന് പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസിന് നേരെ ആക്രമണവും മാള ഹോളി ഗ്രേസ് കോളേജിലെ കലോത്സവത്തെ കലുഷിതമാക്കി.
ഇന്നലെ കലോത്സവം സമാപിക്കാനിരിക്കെയാണ് അടിപിടിയിൽ മത്സരങ്ങൾ നിറുത്തിവച്ചത്. മത്സരങ്ങളുടെ സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കങ്ങളിൽ ഭൂരിഭാഗവും. രാത്രി പത്ത് മണിക്ക് അവസാനിക്കേണ്ട പല മത്സരങ്ങളും ആരംഭിച്ചത് പിറ്റേന്ന് പുലർച്ചയോടെയായിരുന്നെന്നും ആക്ഷേപമുണ്ട്. ഇരുപതോളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
കലോത്സവത്തിന്റെ തുടക്കം മുതൽതന്നെ ഇരുവിഭാഗവും തമ്മിൽ വാക്കു തർക്കങ്ങൾ തുടങ്ങിയിരുന്നു. കസേര,വടികൾ എന്നിവ ഉപയോഗിച്ചാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. വാക്കേറ്റത്തിനിടെ നിലത്തുവീണ എസ്.എഫ്.ഐ പ്രവർത്തകനെ ക്രൂരമായാണ് കെ.എസ്.യു പ്രവർത്തതകർ മർദ്ദിച്ചത്. ഇതിനിടെ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ കൊരട്ടിയിൽ വച്ച് ആംബുലൻസിന് പേരെ ആക്രമണവും ഉണ്ടായി. വാഹനത്തിന്റെ ചില്ലുകളും മറ്റും എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു. കലോത്സവം ആരംഭിച്ച ജനുവരി 24 മുതൽ തന്നെ വിവിധ ഓഫ് സ്റ്റേജ് ഓൺ സ്റ്റേജ് മത്സരങ്ങളുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്നിരുന്നു. കെ.എസ്.യുവിന്റെ നേതൃത്വത്തിലായിരുന്നു കലോത്സവം. കലോത്സവ വേദിയിൽ നടന്ന സംഘർഷത്തിൽ 14 കെ.എസ്.യു പ്രവർത്തകർക്കെതിരെ മാള പൊലീസ് കേസെടുത്തു. ആംബുലൻസ് തടഞ്ഞ കേസിൽ കണ്ടാലറിയാവുന്ന നാല് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കൊരട്ടി പൊലിസും കേസെടുത്തു.


മത്സരങ്ങൾ തീരാൻ ഇനിയുമേറെ

സമാപന ദിവസമായ ഇന്നലെ നിരവധി ഇനങ്ങൾ ബാക്കി നിൽക്കെയാണ് സംഘർഷത്തെ തുടർന്ന് കലോത്സവം നിറുത്തിവെക്കേണ്ടി വന്നത്. തിരുവാതിര (സ്ത്രീകൾ), കഥകളി, ഓട്ടൻതുള്ളൽ,മാർഗംകളി (സ്ത്രീകൾ)പരിചമുട്ട് (പുരുഷൻമാർ), ഗ്രൂപ്പ് സോംഗ് (ഇന്ത്യൻ), ഗ്രൂപ്പ് സോംഗ് വെസ്റ്റേൺ, ദേശഭക്തിഗാനം, ഗാനമേള, നാടൻപാട്ട്, കഥകളി സംഗീതം (പുരുഷൻമാർ), കഥകളി സംഗീതം (സ്ത്രീകൾ), സെമി ക്ലാസിക്കൽ മ്യൂസിക് (ഹിന്ദുസ്ഥാനി) വെസ്റ്റേൺ മ്യൂസിക് എന്നിവയാണ് ബാക്കിയുള്ള മത്സരങ്ങൾ.

കെ.എസ്.യു കലോത്സവ വേദികളെ കൊലക്കളമാക്കാൻ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ആഴ്ചകളോളം പരിശീലനം നടത്തിയ വിദ്യാർത്ഥികളുടെ വേദിയാണ് സംഘാടകരുടെ ഏകപക്ഷീയ ആക്രമത്തിൽ ഇല്ലാതായത്.
(എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി)


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വിദ്യാർത്ഥി സംഘടനകളാണ് കലോത്സവം സംഘടിപ്പിച്ചത്. മികച്ച സൗകര്യങ്ങളുള്ള ക്യാമ്പസ് എന്ന നിലയിലാണ് കലോത്സവത്തിന് വേദി അനുവദിച്ചത്. സംഘാടനത്തിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം വിദ്യാർത്ഥി യൂണിയനുകൾക്ക് മാത്രമാണ്.

(മാനേജ്‌മെന്റ്, ഹോളി ഗ്രേസ് കോളേജ്, മാള)

വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊരട്ടിയിൽ വച്ച് ആംബുലൻസ് ആക്രമിച്ചത്. ഭാഗ്യം കൊണ്ടാണ് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
(ഗോകുൽ ഗുരുവായൂർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL