
ചാലക്കുടി: വിനോദ യാത്രയ്ക്കിടെ കാട്ടാനയെ കാണാൻ ഷോളയാർ വനാന്തരങ്ങളിൽ ആളുകൾ പരതിയിരുന്നു ഒരു കാലഘട്ടത്തിൽ. ഭാഗ്യമുണ്ടെങ്കിൽ മാത്രം അങ്ങ് ദൂരെ ആനക്കൂട്ടത്തെ കാണും. രാത്രികാല സഞ്ചാരങ്ങളിൽ കൊടും കാടിന്റെ വളവുകളിലും അപ്രതീക്ഷതമായി ആനയുടെ മുന്നിൽ ചെന്നുപെടാറുമുണ്ട്. പരിഭ്രാന്തരായ ആനകൾ ശബ്ദമുണ്ടാക്കി മാറിപ്പോവുകയും വാഹനങ്ങൾക്ക് അപ്പോൾ തന്നെ കടന്നു പോകാനും കഴിയും. ഇതെല്ലാം രണ്ട് പതിറ്റാണ്ട് മുമ്പ് വരെയുള്ള ഓർമ്മകൾ. ഇന്നത്തെ സ്ഥിതിയോ? കബാലി എന്ന കൊമ്പൻ രണ്ട് വർഷമായി ഷോളയാർ അടക്കി വാഴുന്നു. മണിക്കൂറുകളോളം വാഹനങ്ങളെ തടഞ്ഞിടും. പലവാഹനങ്ങളെയും ആക്രമിച്ചു. ജീവഹാനി സംഭവിക്കാതിരുന്നത് ആളുടെ ഭാഗ്യം. പിന്നെയുമുണ്ട് ആളെക്കൊല്ലി കാട്ടാനകൾ. ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കലിപ്പുമായി എത്തുന്ന കാട്ടുകൊമ്പന്മാരുടെ എണ്ണം കൂടിവരുന്നു.
അതിരപ്പിള്ളി മുറിവാലൻ
37 വയസ് പ്രായം വരും. പുഴയിൽ സ്ഥിരമായി കാണുന്നു. മുറിവാലനാണെങ്കിലും പല കൊമ്പന്മാരുടേയും പേടി സ്വപ്‌നം. പലപ്പോഴും ഇവനെ കണ്ട് കട്ടപ്പ ഭയന്ന് ഓടിയിട്ടുണ്ടത്രെ. ഒമ്പതര അടി ഉയരമുണ്ട്. എണ്ണപ്പനയും പുല്ലും പ്രധാന ഭക്ഷണം. വെറ്റിലപ്പാറ, പ്ലാന്റേഷൻ കാടുകൾ വിഹാര കേന്ദ്രം. മദപ്പാടിൽ ആരും ഇവനെ കണ്ടിട്ടില്ല.
അതിരപ്പിള്ളി തെറ്റ്‌കൊമ്പൻ
ഏകദേശം 20 വയസ് മാത്രമുള്ള ആനയുടെ കൊമ്പുകളുടെ സ്ഥാന ഭ്രംശമായിരിക്കണം തെറ്റ് കൊമ്പനെന്ന് ഇവനെ വിളിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നത്. പത്തടിയോളം ഉയരക്കാരൻ. ഇതുവരെയും ആളുകൾക്ക് ഉപദ്രവമായിട്ടില്ല. ഏഴാറ്റുമുഖത്തും തുമ്പൂർമുഴിയിലും കണ്ടുവരുന്നു.
കബാലി
ഇവനാണ് കാനന ഗജരാജൻ. മറ്റു ആനകളെ പോലെയല്ല, വാർത്തകളിൽ നിറഞ്ഞ് ഉലകും ചുറ്റും വാലിഭനെന്ന ഖ്യാതി നേടിയിരിക്കുന്നു. നൂറുകണക്കിന് വിനോദ യാത്രികർ കബാലിയുടെ ചിത്രവും ദൃശ്യവും പകർത്തിയിട്ടുണ്ട്. ഷോളയാർ മുതൽ പത്തടിപ്പാലം വരെയുള്ള 10 മൈൽ ദൂരം വാനങ്ങളെ തടഞ്ഞിടൽ പ്രധാന ഹോബി. നിരവധി വാഹനങ്ങളെ ആക്രമിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസുകളെയാണ് പലപ്പോഴും ഉന്നം വച്ചത്. പലവട്ടവും ഇരു ചക്ര വാഹന യാത്രക്കാർ തലനാരിഴയ്ക്കായിരുന്നു കബാലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. രണ്ട് വർഷം മുൻപ് തുടർച്ചയായി അക്രവാസനയുമായി റോഡിൽ നിലയുറപ്പിച്ചോപ്പോൾ രണ്ടാഴ്ചയോളം വനപാലകർ മലക്കപ്പാറയിലേയ്ക്കുള്ള ഗതാഗതം തടഞ്ഞു. പറമ്പിക്കുളത്തും എത്താറുണ്ട്. ചൂണ്ടപ്പനയാണ് ഇഷ്ടഭക്ഷണം. ഷോളയാറിൽ യഥേഷ്ടമുള്ള ചൂണ്ടപ്പനകൾ റോഡിൽ മറിച്ചിട്ട് തിന്നും. മുപ്പത് വയസുണ്ട്. കബാലി വൈകാതെ വലിയ ദുരന്തം വരുത്തി വയ്ക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |