SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

താളം ചോരാതെ കടവല്ലൂരിന്റെ ഇലത്താളപ്പെരുമ

kadavallur

തൃശൂർ: ഉത്സവപ്പറമ്പുകളിൽ അടിച്ചു തകർത്ത് അരങ്ങുവാഴുമ്പോഴും കേരളത്തിൽ വാദ്യകലാരംഗത്ത് കടവല്ലൂരിന്റെ ഇലത്താള പെരുമയ്ക്ക് ഇന്നും തേയ്മാനം വന്നിട്ടില്ല. കൊവിഡ് കാലത്ത് ഉത്സവപ്പറമ്പുകളിൽ താളം നിലച്ചപ്പോൾ കുറച്ചുനാൾ കടവല്ലൂരിലെ കൊപ്പറമ്പത്തെ കുടുംബത്തിന്റെ താളം അൽപ്പമൊന്ന് തെറ്റിയെങ്കിലും ഇന്നും ഇലത്താളത്തിന്റെ ഇമ്പം പകരുന്ന ശബ്ദത്തിന് ഇടർച്ചയില്ലാതെ മുന്നോട്ട് പോകുകയാണ്. മേളമായാലും പഞ്ചവാദ്യമായാലും തായമ്പകയായാലും ഇലത്താളത്തിന്റെ ശബ്ദഗരിമയില്ലെങ്കിൽ കൊഴുപ്പേകില്ല. കേരളത്തിലെ താള പ്രമാണിമാരും മറ്റ് ഇലത്താളക്കാരുമെല്ലാം കടവല്ലൂരിലെ കൊപ്പറമ്പത്തെ മൂശയിൽ നിന്ന് പിറവിയെടുക്കുന്ന ഇലത്താളം തേടിയെത്താറുണ്ട്. കടവല്ലൂർ ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള കൊപ്പറമ്പത്തെ കുടുംബത്തിന് ഇലത്താള നിർമ്മാണത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഇന്ന് കൊപ്പറമ്പത്ത് സുകുമാരനും സഹോദരങ്ങളായ പരമേശ്വരൻ, ചന്ദ്രൻ, സുദർശൻ, പുതിയ തലമുറക്കാരായ നിഖിൽ, രമേഷ്, അനുരാഗ് എന്നിവരാണ് ഇലത്താള നിർമ്മാണത്തിൽ വ്യാപൃതരായിരിക്കുന്നത്. ഉത്സവ സീസൺ ആരംഭിച്ചാൽ ദിവസവും പണിയുണ്ടാകും. ഇപ്പോൾ വിദേശങ്ങളിലും വാദ്യകലകൾ പഠിപ്പിക്കുന്നതിനാൽ നല്ല ഡിമാന്റുണ്ടെന്ന് ഇവർ പറയുന്നു.


വെള്ളോടിൽ പിറവിയെടുക്കുന്ന ഇമ്പമുള്ള ശബ്ദം

ശുദ്ധമായ വെള്ള ഓട് ഉരുക്കിയാണ് ഇലത്താളം നിർമ്മിക്കുന്നത്. പുഴമണൽ നിരത്തിയ അച്ചിൽ ഒഴിച്ച് വൃത്തത്തിലാക്കും. തുടർന്ന് ചുട്ടുപുഴുത്ത ഓട് അടിച്ചു പരത്തും. കൃത്യമായി ചുറ്റിക കൊണ്ട് പരത്തിയ ശേഷം വീണ്ടും മൂശയിൽ പഴുപ്പിച്ച് അകം കുറിച്ചെടുക്കും. കൃതൃമായി അടിച്ചു പരത്തിയില്ലെങ്കിൽ അതിന്റെ ഇമ്പം നഷ്ടപ്പെടുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് മിനുക്കിയെടുക്കുന്നതോടെയാണ് ഇലത്താളം രൂപപ്പെടുന്നത്.
മിനുക്കാൻ ഉപയോഗിക്കുന്ന ഗ്രൈഡർ മാത്രമാണ് ആകെയുള്ള യന്ത്ര ഉപകരണം. ബാക്കിയെല്ലൊം പരമ്പരാഗത രീതിയിലാണ്. കഠിനമായ ചൂടിനെ അതിജീവിച്ചാണ് പ്രവർത്തനം. വർഷങ്ങളുടെ പരിചയംമൂലം രണ്ട് മണിക്കൂറിനുള്ളിൽ ഇലത്താളം നിർമ്മാക്കാൻ സാധിക്കും. ഇലത്താളത്തിന്റെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടിമുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്.

ഡിമാന്റ് രണ്ടര കിലോയ്ക്ക്

മേളത്തിനും പഞ്ചവാദ്യത്തിനും ഉപയോഗിക്കുന്നത് രണ്ടര കിലോ തൂക്കം വരുന്ന ഇലത്താളങ്ങളാണ്. ഇതിന് ജോഡിക്ക് 5000 രൂപയോളം വിലവരും. കൂടാതെ ഒന്നര കിലോയോളം തൂക്കം വരുന്നതും നിർമ്മിക്കുന്നുണ്ട്. ഇതിന് 2300 രൂപ വിലവരുന്നുണ്ട്. ഇതിന് പുറമേ ചേങ്ങിലയും നിർമ്മിക്കുന്നുണ്ട്.


മൂന്നു തലമുറകളായി തുടർന്നു വരുന്നു. പുതിയ തലമുറയും രംഗത്ത് വരുന്നുണ്ട്. ഇപ്പോൾ സീസണാണ്. മുൻകാലങ്ങളിൽ നിന്ന് ഇലത്താള ഉപയോഗത്തിന്റെ ശൈലിയിൽ ഏറെ മാറ്റം വന്നിട്ടുണ്ട്.

-സുകുമാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL