തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയെന്നും കോർപറേഷൻ മേയർ എം.കെ.വർഗീസ് ടേം വ്യവസ്ഥ ലംഘിച്ചത് തിരിച്ചടിയായെന്നും സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം.
കരുവന്നൂർ വിഷയം പാർട്ടിയെ വലിയ വിഷമത്തിലാക്കി. ക്രമക്കേട് നീതികരിക്കാനാകാത്തതായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തന്നെ കരുവന്നൂർ തട്ടിപ്പ് ബാധിച്ചു. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. രണ്ടര വർഷത്തിനുശേഷം കോർപറേഷൻ മേയർ പദവി സി.പി.എമ്മിന് വച്ചുമാറാം എന്നായിരുന്നു ധാരണ. പക്ഷേ ധാരണ നടപ്പാക്കാനായില്ല. അത് തിരിച്ചടിയായി.
നേതാക്കൾ പണത്തിന് പിന്നാലെ: സംസ്ഥാന സെക്രട്ടറി
സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേതാക്കൾക്കെതിരെ നിശിത വിമർശനം ഉയർത്തി. തൃശൂർ ജില്ലയിൽ ചില നേതാക്കൾ പണത്തിന് പിന്നാലെ പോകുന്നുണ്ട്. പാർട്ടിക്കുള്ളിലെ പല ഘടകങ്ങളിലും തെറ്റായ പ്രവണതകളുണ്ട്. യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജില്ലയിൽ സജീവമല്ല. താഴെത്തട്ടിൽ ഡി.വൈ.എഫ്.ഐ പോലും പ്രവർത്തിക്കുന്നില്ല. എസ്.എഫ്.ഐയും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും ചർച്ചയാകും
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പ്രകടനവും സുരേഷ് ഗോപിയുടെ വിജയത്തിനിടയാക്കിയ സാഹചര്യങ്ങളും ചർച്ചകളിൽ ഉയർന്നുവരും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും ചർച്ചകൾക്ക് ചൂടുപിടിപ്പിക്കും. കരുവന്നൂർ തട്ടിപ്പ് പുറത്തുവന്നശേഷമായിരുന്നു 2022 ജനുവരിയിൽ സി.പി.എം ജില്ലാ സമ്മേളനം നടന്നത്. 3 വർഷം പിന്നിട്ടെങ്കിലും കരുവന്നൂർ സൃഷ്ടിച്ച മുറിവ് ഉണങ്ങിയിട്ടില്ല. പൊലീസിനെതിരേയും നേതാക്കൾക്ക് എതിർപ്പുണ്ട്.
സി.പി.എം ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാദ്ധ്യതയില്ല.
എം.എം.വർഗീസ് തുടരും?
തൃശൂർ: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.എം.വർഗീസ് തുടർന്നേക്കും. നിലവിൽ രണ്ടര ടേം പൂർത്തിയാക്കിയ എം.എം.വർഗീസിന് ഒരവസരം കൂടി സംസ്ഥാന നേതൃത്വം നൽകുമെന്നാണ് സൂചന. എന്നാൽ നിലപാടിൽ മാറ്റം വന്നാൽ സി.ഐ.ടി.യു നേതാവ് യു.പി.ജോസഫ്, എൽ.ഡി.എഫ് കൺവീനർ കെ.വി.അബ്്ദുൾ ഖാദർ എന്നിവരിൽ ഒരാളായിരിക്കും പുതിയ സെക്രട്ടറി. എം.എം.വർഗീസിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിച്ചേക്കും. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ ഇത്തവണ ഒഴിവാക്കിയേക്കാവുന്ന എൻ.ആർ.ബാലൻ, ബേബിജോൺ എന്നിവരുടെ ഒഴിവിലേക്ക് പുതിയ ആളുകളെ നിയോഗിച്ചേക്കും. ഒപ്പം സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണച്ചിരുന്നവരിൽ ഒരാളെ കൂടി ഉൾപ്പെടുത്തിയേക്കും. 11 അംഗ സെക്രട്ടറിയേറ്റിൽ വനിതകളടക്കമുള്ളവർക്ക് സ്ഥാനം ലഭിക്കാനും സാദ്ധ്യതയുണ്ട്. സമ്മേളനത്തിൽ ഇന്നലെ അവതരിപ്പിച്ച റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു. മേയർക്കെതിരെ വിമർശനവുമായി സി.പി.ഐ രംഗത്തുള്ളപ്പോൾ തന്നെ സി.പി.എം പ്രവർത്തന റിപ്പോർട്ടിൽ ധാരണ ലംഘിച്ചെന്ന പരാമാർശം വരും ദിവസങ്ങളിൽ കോർപറേഷൻ ഭരണത്തിൽ പ്രതിഫലിച്ചേക്കും.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിലെ വിജയം, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വിജയം എന്നിവയെല്ലാം സംഘടന തലത്തിൽ നേട്ടമായെങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയം പാർട്ടിക്കുള്ളിൽ കടുത്ത വിമർശനമാണ് ഉയരും. ബി.ജെ.പി അക്കൗണ്ട് തുറന്നതാവും പ്രധാന ചർച്ചാവിഷയം. പി.ആർ.അരവിന്ദാക്ഷൻ ജയിലിൽ കിടക്കേണ്ട സാഹചര്യവും നേതാക്കളെ ചോദ്യം ചെയ്തുമെല്ലാം ഇന്നും നടക്കുന്ന ചർച്ചകളിൽ വിമർശനത്തിന് സാദ്ധ്യതയുണ്ട്. ഇതിന് പുറമേ തൃശൂർ ഏരിയ സെക്രട്ടറിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്തുകളും വിമർശന വിധേയമാകും.
കേരളത്തിനായി ശബ്ദം ഉയർത്തും
പ്രമേയം പാസാക്കി സി.പി.എം ജില്ലാ സമ്മേളനം
കുന്നംകുളം: കേരളത്തിനായി ശബ്ദം ഉയർത്തുക എന്ന പ്രമേയം പാസാക്കി കുന്നകുളത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം. രാഷ്ട്രീയ കാരണങ്ങളാൽ ബി.ജെ.പിയുടെ കേന്ദ്ര ഗവൺമെന്റ് കേരളത്തെ തഴയുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ കെ.വി.അബ്ദുൽ ഖാദർ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് അർഹമായ നികുതി വിഹിതം ലഭിക്കുന്നില്ല. ബഡ്ജറ്റിൽ എയിംസ് പോലെയുള്ള പുതിയ പദ്ധതികൾ അനുവദിച്ചില്ല. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് സമർപ്പിച്ച നിവേദനത്തിന് ന്യായമായ മറുപടി ലഭിച്ചില്ല. കേരളത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. കേരളം ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ്. കേരളത്തെ തഴയരുത്. രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ രാഷ്ട്രീയപരമായ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ കേരളം പോലെയുള്ള സംസ്ഥാനത്തിലെ ഫണ്ട് അനുവദിക്കില്ലെന്ന് പറഞ്ഞാൽ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതികരണം ഉണ്ടാകേണ്ടതുണ്ട്. പാർട്ടി ജില്ലാ സമ്മേളനം കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതികരിക്കണമെന്നും ശരിയായ നിലപാട് സ്വീകരിക്കണമെന്നും സംഭവത്തിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ കെ.വി. അബ്ദുൽ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |