SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

വ്യാപാരികളുടെ യോഗം ചേർന്നു : എം.ജി റോഡ് വികസിക്കും

തൃശൂർ: എം.ജി റോഡ് വികസനം ഈ മാസം അവസാനം തുടങ്ങുമെന്ന മേയറുടെ പ്രഖ്യാപനം വെറും വാക്കാകില്ല. വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ വ്യാപാരികളും കോർപ്പറേഷനും സംയുക്തമായി നടത്തിയ യോഗത്തിൽ ധാരണയായി. ഫെബ്രുവരി അവസാനത്തോടെ എം.ജി റോഡിന്റെ വികസനം തുടങ്ങുമെന്ന് മേയർ എം.കെ.വർഗീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് തുടക്കം കുറിക്കുന്നത് സംബന്ധിച്ചാണ് യോഗം ചേർന്നത്. അയ്യന്തോളിൽ നിന്ന് തുടങ്ങിയ മോഡൽ റോഡ് വികസനം പടിഞ്ഞാറെക്കോട്ടയിലെത്തിയപ്പോൾ നിശ്ചലമായി. പത്ത് വർഷത്തിലേറെയായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. നടപടിയാരംഭിച്ചെങ്കിലും വ്യാപാരികളുമായി നടത്തിയ ചർച്ച വിജയിച്ചിരുന്നില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോകാനുള്ള സമയമെത്തിയതിനാൽ ഇനിയും വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചില്ലെങ്കിൽ വൻ എതിർപ്പ് നേരിടേണ്ടി വരുമെന്ന തിരിച്ചറിവാണ് വേഗം കൂട്ടാൻ കാരണം.

വ്യാപാരികളുമായി ചർച്ച

റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് വ്യാപാരികളുമായി കോർപ്പറേഷൻ ഭരണാധികാരികൾ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞദിവസവും നടത്തിയ ചർച്ചയിൽ സ്ഥലം വിട്ടുകൊടുക്കാൻ ഏകദേശം ധാരണയിലെത്തി. ഇതോടെയാണ് പ്രവർത്തനം ഈ മാസം അവസാനത്തോടെ ആരംഭിക്കാൻ തീരുമാനിച്ചത്. ശങ്കരയ്യർ റോഡ് ജംഗ്ഷനിലുള്ള മലബാർ ഗോൾഡ് ഉടമകൾ വികസനത്തിനായി തങ്ങളുടെ സ്ഥാപനത്തിന്റെ മുന്നിലുള്ള അര സെന്റിലേറെ ഭൂമി സൗജന്യമായി കോർപറേഷന് നൽകി. മറ്റ് ഭൂഉടമകളും ഭൂമി സൗജന്യമായി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. ഒരു വർഷം മുമ്പ് വ്യാപാരികളുമായി ചർച്ച നടത്തി റോഡ് വീതി കൂട്ടാനുള്ള നീക്കങ്ങൾക്ക് വ്യാപാരികളും കൂടെ നിന്നെങ്കിലും വേണ്ടത്ര താൽപര്യം കോർപ്പറേഷൻ കാണിച്ചില്ല. സ്വരാജ് റൗണ്ടിൽ ജംഗ്ഷൻ വികസനത്തിനായി ഒരു ഡോക്ടറുടെ സ്ഥലം 30 ലക്ഷം രൂപയ്ക്ക് വിട്ടു നൽകാൻ തയ്യാറായെങ്കിലും അന്നേറ്റെടുക്കാനായില്ല. അന്ന് രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് സ്ഥലമേറ്റെടുക്കാൻ സമ്മതിച്ചത്. പിന്നീട് അന്നത്തെ കരാർ അനുസരിച്ച് തുക നൽകാൻ എൽ.ഡി.എഫ് ഭരണസമിതി തയ്യാറാകാതെ വന്നതോടെ ജംഗ്ഷൻ വികസനം മുടങ്ങിയത്. ഈ സ്ഥലം പഴയ വിലയ്ക്ക് നൽകാൻ ഉടമ തയ്യാറല്ല. വികസനം നീണ്ടതോടെ കോടികളുടെ നഷ്ടമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്.

തുടക്കം പാറയിൽ വരെ

പടിഞ്ഞാറെക്കോട്ടയിൽ നിന്ന് പാറയിൽ കടയുടെ സമീപത്ത് വരെയാണ് റോഡ് വീതി കൂട്ടുക. ഈ ഭാഗത്തുള്ള സ്ഥലങ്ങൾ കോർപ്പറേഷന് വിട്ടു കിട്ടിയിട്ടുണ്ട്. ഇതോടെ പണിക്ക് തുടക്കം കുറിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. സ്ഥലം നഷ്ടപ്പെടുന്ന പത്തോളം വ്യാപാരികൾക്ക് ശക്തനിൽ പണിതിട്ടിരിക്കുന്ന മുറികൾ നൽകും.

പാലം പണി വെല്ലുവിളി

സ്വരാജ് റൗണ്ടിൽ നിന്നും 2.9 കിലോമീറ്റർ നീളത്തിൽ 21 മീറ്റർ വീതിയിലാണ് റോഡ് വികസനം. ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തിന് ആദ്യം നടപടിയെടുത്തില്ലെങ്കിൽ വർഷങ്ങളോളം റോഡ് പണി നീളും. ഇതുവഴിയുള്ള ഗതാഗതം താറുമാറാകും. ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തിനായി ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന അന്വേഷണത്തിൽ നിർമ്മാണച്ചെലവ് മുഴുവൻ സി.കെ.മേനോൻ വഹിക്കാമെന്ന് അന്ന് രാജൻ പല്ലൻ വാഗ്ദാനം ചെയ്തിരുന്നു. റെയിൽവേയിൽ പണമടയ്ക്കാനും അദ്ദേഹം തയ്യാറായിരുന്നു. പിന്നീട് ഭരണം മാറിയതോടെ എം.ജി റോഡ് വികസനം വഴിമുട്ടി. സി.കെ.മേനോൻ മരണപ്പെട്ടതോടെ ആ വാഗ്ദാനത്തിന്റെ കാര്യത്തിൽ തീരുമാനം വരേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL