മാള: മിടുക്കനായ വിദ്യാർത്ഥിയായിരുന്നു രാജേഷ്. വലിയ നിലയിലെത്തണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. എന്നാൽ ഡ്രൈവറായ അച്ഛന്റെ മദ്യപാനശീലം ക്രമേണ വർദ്ധിച്ചു. ആദ്യം വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പതിയെ അച്ഛന്റെ സ്വഭാവവും മാറി. അമ്മയെയും അമ്മൂമ്മയെയും കൈയേറ്റം ചെയ്യുന്നതായും മദ്യലഹരിയിൽ ക്രൂരമായി പെരുമാറുന്നതായും രാജേഷ് കണ്ടു. വീട്ടിലെ പ്രശ്‌നങ്ങൾ മറക്കാൻ കൂട്ടുകാരൻ നൽകിയ കഞ്ചാവ് ബീഡിയിൽ അവൻ അഭയം കണ്ടെത്തി. എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ ദിവസവും വീട്ടിൽ അടിയും ബഹളവുമായിരുന്നു. പ്ലസ് ടുവിൽ ചേർന്ന രാജേഷ്, വീട്ടിലെ പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ലഹരിയെ ആശ്രയിച്ചു. പ്ലസ് ടുവിന് പരാജയപ്പെട്ടു. രാജേഷിന്റെ സ്വഭാവം കൂടുതൽ മോശമായി. അച്ഛനെ ആക്രമിച്ച് തുടങ്ങിയപ്പോൾ അച്ഛൻ പരാതിയുമായി എക്‌സൈസ് ഇൻസ്‌പെക്ടറെ സമീപിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ നടത്തിയ കൗൺസിലിംഗിൽ രാജേഷ് മനസു തുറന്നു. തന്റെ ആഗ്രഹങ്ങളും വീഴ്ചകളും തുറന്നു പറഞ്ഞു. നിരന്തരം നൽകിയ കൗൺസിലിംഗിനെ തുടർന്ന് രാജേഷ് തിരിച്ചു വരവിന്റെ പാതയിലാണ്.
ലഹരിക്കടത്ത് മുമ്പെങ്ങുമില്ലാത്ത തരത്തിൽ നാട്ടിൽ വ്യാപകമാകുമ്പോൾ ഇത്തരത്തിലുള്ള ലഹരിയുടെ പിന്നാമ്പുറ കഥകൾ ധാരാളമാണ്. പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും തകൃതിയായി നടക്കുന്നുമുണ്ട്. അധികൃതർ സാധാരണഗതിയിൽ നിരീക്ഷണം തുടരുമ്പോൾ പുതുവഴികളിലൂടെ യുവാക്കളിലേക്ക് ലഹരി നിർബാധം ഒഴുകിയെത്തുകയാണ്. അന്തർ സംസ്ഥാന ബസുകൾ, കൊറിയർ സ്ഥാപനങ്ങൾ തുടങ്ങി സ്‌കൂൾ, കോളേജ് പരിസരങ്ങൾ, ലോഡ്ജ് മുറികൾ എന്നിവ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് ചില്ലറയല്ല നടക്കുന്നത്.
വിദ്യാർത്ഥികളും യുവാക്കളും ഇരകൾ
ലഹരിക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ രീതി. ഇതിനായി ഇവർ കൂടുതലായും ലക്ഷ്യമിടുന്നത് യുവാക്കളെയും വിദ്യാർത്ഥികളെയും. ആഡംബര ജീവിതത്തിനു പണത്തിനും വേണ്ടി സിന്തറ്റിക് ലഹരിയുടെ ലോകത്തേക്ക് യുവാക്കൾ കയറിച്ചെല്ലും. എന്നാൽ, പിന്നീട് അടിമപ്പെടുകയും ജീവനും ജീവിതവും തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യുന്നു. ഒരിക്കൽ പിടിക്കപ്പെട്ടാൽ പോലും പിന്തിരിഞ്ഞു പോകുന്നില്ലെന്നും വീണ്ടും വിൽപ്പനക്കാരാകുന്നത് പതിവാണ്. ന്യൂജൻ ലഹരികൾക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ഇത് ഉപയോഗിച്ചത് തിരിച്ചറിയാനും കഴിയില്ലെന്നും പൊലീസ് പറയുന്നു.
പ്രതിവിധി എന്ത്..?
മയക്കുമരുന്ന് ആസക്തിക്കുള്ള ചികിത്സകളിൽ പ്രധാനം കൗൺസിലിംഗാണ്. കൗൺസിലിംഗിനൊപ്പം മരുന്നുകളുള്ള ചികിത്സയും മികച്ചതാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കൗൺസിലിംഗ് വ്യക്തിഗതമോ കുടുംബത്തോടെയോ അല്ലെങ്കിൽ ഗ്രൂപ്പ് തെറാപ്പിയോ ആകാം. ആസക്തിക്കൊപ്പം മാനസിക വിഭ്രാന്തിയും ഉണ്ടെങ്കിൽ, രണ്ട് പ്രശ്‌നങ്ങൾക്കും ചികിത്സ നൽകേണ്ടത് പ്രധാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |