തൃശൂർ : പഞ്ചാക്ഷരി മന്ത്രജപവുമായി ഭക്തർ ശിവരാത്രി പുണ്യം നുകർന്നു. വടക്കുന്നാഥനിലടക്കം ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. വടക്കുന്നാഥ ക്ഷേത്രം, കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, മിഥുനപ്പിള്ളി ശിവക്ഷേത്രം, ചേലക്കോട്ടുകര മഹേശ്വര ക്ഷേത്രം, അശോകേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ മുതൽ വൻതിരക്കായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിൽ നാളെ പുലർച്ചെ മൂന്നിന് ആചാരവെടിയോടെ ചടങ്ങാരംഭിച്ചു. വൈകിട്ട് ആറിന് ലക്ഷദീപമുണ്ടായി.
രാത്രി പത്തരയ്ക്ക് എഴുന്നള്ളിപ്പ് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടു. അശോകേശ്വരം തേവർ, ചെമ്പൂക്കാവ് ഭഗവതി, തിരുവമ്പാടി ഭഗവതി എന്നിവരുടെ എഴുന്നള്ളിപ്പിന് ഷൊർണൂർ റോഡിൽ സത്രം ജംഗ്ഷനിൽ നിന്ന് നായ്ക്കനാൽ വരെ തൃപ്രയാർ രമേശൻ മാരാർ നയിച്ച പഞ്ചവാദ്യം അകമ്പടിയായി. പാറമേക്കാവ് ഭഗവതിയുടെ പാണ്ടിമേളത്തോട് കൂടിയ എഴുന്നള്ളിപ്പ് കിഴക്കേ ഗോപുരത്തിൽ സമാപിച്ചു. നെയ്തലക്കാവ്, അയ്യന്തോൾ, ലാലൂർ, കാരമുക്ക്, ചൂരക്കാട്ടുകര എന്നിവിടങ്ങളിലെ ഭഗവതിമാരുടെയും, കണിമംഗലം, പനമുക്കുംപിള്ളി ശാസ്താക്കന്മാരുടെയും എഴുന്നള്ളിപ്പും ഉണ്ടായി. ചേലക്കോട്ടുകര : ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഭക്തിനിർഭരമായി. ഗണപതി ഹവനം, ഒമ്പതിന് കലശാഭിഷേകം, 1008 കുടം ധാര, വിശേഷാൽ ദീപാരാധന എന്നിവ നടന്നു. തുടർന്ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ, ശിവദം ഭജന സംഘത്തിന്റെ ഭജനയും ഉണ്ടായി. ഇന്ന് പുലർച്ചെ നാല് മുതൽ ശിവരാത്രി ബലിതർപ്പണം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |