SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

പാഠം ഇംഗ്ലീഷ്, ജീവിതപാഠം 'കിളിപ്പാടം' വൈറലായി വരാൽകറികൾ

shyma-

തൃശൂർ: എം.എ ഇംഗ്ലീഷ് സാഹിത്യം പഠിച്ച് പി.എച്ച്.ഡിക്ക് ഒരുങ്ങുന്ന ഷൈമയുടെ ഒരു കൈയിൽ പുസ്തകങ്ങളാണെങ്കിൽ മറുകൈയിലുണ്ട് നാടൻവരാൽ വിഭവങ്ങളുമായി ഒരു സംരംഭം. നിരവധി കിളികളും നാടൻവരാൽ മീനുകളും നിറഞ്ഞ കോൾപ്പാടത്തിന്റെ ഓരത്ത് പ്രകൃതിവിഭവങ്ങളുളള കട 'കിളിപ്പാടം' തുടങ്ങി ശ്രദ്ധേ നേടുകയാണ് ഷൈമ. നാടൻവരാലാണ് കടയിലെ താരം. വരാൽ മാങ്ങാകറി, വരാൽ എരിവുകറി, വരാൽ പൊരിച്ചത്, വരാൽ അൽഫാം, വരാൽ തലക്കറി... ന്യൂജെനും പഴമക്കാരുമെല്ലാം മറ്റ് ജില്ലകളിൽനിന്ന് കട തേടിയെത്തും. വിദേശത്ത് നിന്ന് നാട്ടിലെത്തി പാടശേഖര സെക്രട്ടറിയായ ഭർത്താവ് ഫൈസലാണ് ഷൈമയുടെ മുഖ്യ സഹായി. ദിവസം പത്തുകിലോഗ്രാം നാടൻ വരാലെങ്കിലും ഇവിടെ വിഭവമായി മാറും. നാടൻ വരാലിന് കി.ഗ്രാമിന് അഞ്ഞൂറ് രൂപയിലേറെ വിലയുണ്ട്. മുൻമന്ത്രി തോമസ് ഐസക് കിളിപ്പാടത്തെത്തി ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയതോടെയാണ് കിളിപ്പാടം വൈറലായത്. എ.സി. മൊയ്തീൻ എം.എൽ.എ ഈ പാടത്തെ ടൂറിസം പ്രൊജക്റ്റാക്കി നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു.

രുചികരം, പോഷകഗുണങ്ങളുമേറെ

നാടൻവരാൽ ഏറെ രുചികരമായതിനാൽ ആവശ്യക്കാരേറെയുണ്ട്. പോഷകഗുണങ്ങളും ഏറെയാണ്. മുറിവുകൂടാൻ ഗർഭിണികൾ പണ്ട് ഉപയോഗിച്ചിരുന്നു. ശരീരത്തിലെ ക്ഷതങ്ങൾ കുറയ്ക്കുമെന്നും ആസ്തമ ശമിപ്പിക്കുമെന്നും പറയുന്നു. ടാങ്കിൽ വളർത്തുന്നവയേക്കാൾ മികച്ചത് പാടത്ത് വളരുന്നവയാണ്. കുന്നംകുളം കിഴൂർ വെട്ടിക്കടവ് പാലം കഴിഞ്ഞ് പഴഞ്ഞിയിലേക്കുള്ള റോഡിലാണ് ഭക്ഷണശാല. വരാൽ കറികൾ ഓർഡർ അനുസരിച്ച് കുന്നംകുളത്ത് എവിടെയും എത്തിക്കും. വണ്ടിക്കൂലി മാത്രമാണ് ഇതിനായി വാങ്ങുന്നത്.

...........

കിളിപ്പാടത്ത് വന്നാൽ മീനും തിന്നാം, കിളികളെയും കാണാം. കോൾപ്പാടത്തിന്റെ വരമ്പത്തിരുന്ന് കണ്ണെത്താത്ത പച്ചപ്പും കാണാം.

ഡോ.തോമസ് ഐസക്, മുൻമന്ത്രി, ഫേസ്ബുക്കിൽ

.................

പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ളതിനാൽ വരാൽ കുഞ്ഞുങ്ങളെ ലഭ്യമാക്കി സംരക്ഷണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മറ്റ് മത്സ്യങ്ങളെ പിടിച്ചു തിന്നുന്ന വരാലുകൾക്ക് നാൽപത് ശതമാനം പ്രോട്ടീനുളള തീറ്റ വേണം.

ഡോ. ദിനേശ് കൈപ്പിള്ളി
(അക്വാകൾച്ചർ വിദഗ്ധൻ)
രജിസ്ട്രാർ, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്.


മാപ്പ്

കുന്നംകുളം കിഴൂർ വെട്ടിക്കടവ് പാലം കഴിഞ്ഞ് പഴഞ്ഞിയിലേക്കുള്ള റോഡിലാണ് ഭക്ഷണശാല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KILIPPADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL