
പെരിങ്ങോട്ടുകര: സംസ്ഥാനത്ത് ലഹരിക്കെതിരെ നടപടികൾ കശനമാക്കുമ്പോൾ എക്സെെസ് വകുപ്പ് വാഹനങ്ങളില്ലാതെ നെട്ടോടമോടുന്നു. അന്തിക്കാട് എക്‌സൈസിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. സമീപത്തെ രണ്ട് റെയ്ഞ്ച് ഒാഫീസുകളിൽ പ്രതികളെ പിടികൂടാൻ പോലും വാഹനമില്ല. തൊണ്ടിമുതൽ സ്റ്റേഷനിലെത്തിക്കുന്നത് ഓട്ടോയിലും ടാക്സി കാറിലും. തൃശൂർ ജില്ലയുടെ വലിയൊരു ഭാഗം അധികാര പരിധിയുള്ള അന്തിക്കാട്, ചേർപ്പ്, കോലഴി റെയ്ഞ്ചുകളിലെ എക്‌സൈസ് ഓഫീസുകളിൽ വാഹനമില്ലാതായിട്ട് രണ്ട് മാസത്തിലേറെയായി. നിലവിൽ ഉപയോഗിക്കുന്ന ജീപ്പുകളുടെ ഫിറ്റ്‌നസ് അവസാനിച്ചതോടെയാണ് പ്രശ്‌നം ഗുരുതരമായത്.
ലഹരിസംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ ഡിപ്പാർട്ട്‌മെന്റ് നൽകിയ 2 സ്‌കൂട്ടറുകളിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോകുന്നത്. കൂടുതൽ പേർ വേണ്ട സാഹചര്യത്തിൽ വാടകയ്ക്ക് വാഹനം വിളിച്ചുവരുത്തി റെയ്ഡിന് പോകണം. സ്‌കൂട്ടറിൽ പോയവർ പ്രതികളെയോ ലഹരി വസ്തുക്കളോ പിടികൂടിയാൽ ഒാട്ടോയോ കാറോ പിടിച്ച് തൊണ്ടിമുതൽ സ്റ്റേഷനിലെത്തിക്കേണ്ട അവസ്ഥയാണ്. വാഹനത്തിന്റെ വാടക സ്വന്തം കെെയിൽ നിന്ന് കൊടുക്കണം. പണം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് കിട്ടാൻ കാത്തിരിക്കണം.
വാഹനങ്ങൾ കട്ടപ്പുറത്ത്, പുതിയത് എന്നെത്തും..?
ഉപയോഗശൂന്യമായ മൂന്ന് വാഹനങ്ങളാണ് അന്തിക്കാട് എക്‌സൈസ് ഓഫീസ് പരിസരത്ത് തുരുമ്പെടുത്തു കിടക്കുന്നത്. ഇൗ മാസം കോലഴിയിലും ചേർപ്പിലും പുതിയ വാഹനം എത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. പുതിയ വാഹനം ലഭിക്കുമ്പോൾ മറ്റ് എക്‌സൈസ് ഓഫീസുകളിൽ നിന്ന് നടതള്ളുന്ന വാഹനമാണ് അന്തിക്കാട്ടേയ്ക്ക് ലഭിക്കുകയെന്നും പറയുന്നു. ഡ്രൈവവർ തസ്തികയില്ലാത്തതിനാലാണ് പഴയ വാഹനങ്ങൾ മാത്രം ഇവർക്ക് ലഭിക്കുന്നത്. അംഗബലമില്ലാത്തതിനാൽ അന്തിക്കാട് പൊലീസിനും ലഹരിസംഘങ്ങളെ പിടികൂടൽ പ്രതിസന്ധിയാണ്.
കോൾമേഖലകളിളും ഉൾപ്രദേശങ്ങളിലുമാണ് ലഹരിസംഘങ്ങളുടെ പ്രവർത്തനം. വിദ്യാർത്ഥികളടക്കമുള്ളവർ ഇവിടെയെത്തി സംഘം ചേർന്നാണ് ലഹരി ഉപയോഗം. പട്രോളിംഗും പരിശോധനകളുമില്ലാതെ ബോധവത്കരണ പരിപാടികളിൽ മാത്രമാണ് എക്‌സൈസിന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |