തൃശൂർ: ചുറ്റുമതിൽ നിർമ്മാണത്തിന് സർക്കാർ ഫണ്ട് അനുവദിക്കാത്തതോടെ സുരക്ഷായില്ലാതെ രാമനിലയം. 40 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് മാസങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഫണ്ട് അനുവദിച്ചിട്ടില്ല. സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അംഗീകാരം ലഭിക്കാൻ വൈകുന്നതെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി , കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ ഉൾപ്പടെയുള്ളവർ തൃശൂരിലെത്തുമ്പോൾ തങ്ങുന്ന രാമനിലയത്തിൽ ചുറ്റുമതിലുകൾ തകർന്നിട്ട് മാസങ്ങൾ പിന്നിട്ടു. രാമനിലയത്തിന്റെ കവാടത്തിനോടെ ചേർന്നുള്ള ഭാഗം പൂർണമായും തകർന്ന നിലയിലാണ്. രാത്രിയിലും പകലും ഇവിടേയ്ക്ക് അതിക്രമിച്ച് കടക്കാവുന്ന അവസ്ഥയാണുള്ളത്. ഏറെ സുരക്ഷ നൽകേണ്ട സ്ഥലമായിരുന്നിട്ടും രാമനിലയത്തിന് ചുറ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടില്ല. രാമനിലയം കോമ്പൗണ്ടിനുള്ളിലേക്കാണ് സ്വകാര്യ സംഘടനകൾ സ്ഥാപിച്ച ഫ്‌ളക്‌സുകളും മറ്റും തകർന്ന് കിടക്കുന്നത്. ടൂറിസം വകുപ്പിന് കീഴിലാണ് രാമനിലയം പ്രവർത്തിക്കുന്നത്. കടകംപ്പിള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെ രാമനിലയം കെട്ടിടം നവീകരിച്ചിരുന്നെങ്കിലും ചുറ്റുമതിൽ നിർമ്മാണം നടത്തിയില്ല. മറ്റ് ഭാഗങ്ങളിൽ ഉയരം കുറഞ്ഞ മതിലായതിനാൽ സാമൂഹ്യ വിരുദ്ധർ മാലിന്യവും വലിച്ചെറിയുന്നുണ്ട്.
നവീകരണത്തിന് എസ്റ്റിമേറ്റ്
രാമനിലയത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സർക്കാരിന് സമർപ്പിച്ചത്. കെ.എസ്.എഫ്.ഇയുടെ അതിർത്തി മുതൽ കെ.ടി.ഡി.സിയുടെ വരെ മതിൽ കെട്ടി സംരക്ഷിക്കുന്നതിനാണ് പദ്ധതി. നിലവിലുള്ള മതിലിന്റെ ഉയരം വർദ്ധിപ്പിക്കുകയും അതോടൊപ്പം മുകൾ ഭാഗത്ത് ഗ്രിൽ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ്. അടുത്ത സാമ്പത്തിക വർഷത്തിൽ തുക ലഭിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
രാമനിലയം
ശക്തൻ തമ്പുരാൻ കൊട്ടാരത്തിനോട് ചേർന്നാണ് രാമനിലയം. ഒരു കാലത്ത് ഇത് കൊട്ടാരം ആയിരുന്നെന്ന് പറയപ്പെടുന്നു. സൈനിക ബാരക്ക് , റിക്രൂട്ട്‌മെന്റ് സെന്റർ, 19-ാം നൂറ്റാണ്ടിൽ ബ്രീട്ടിഷ് റസിഡൻസി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ ഔട്ട്ഹൗസായിരുന്നുവെന്നു പറയപ്പെടുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് ഏറെ ചരിത്രമാണ് രാമനിലയവുമായി ബന്ധപ്പെട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |