പാർട്ടി പറഞ്ഞാൽ മത്സരിക്കും: ടി.വി. ചന്ദ്രമോഹൻ
തൃശൂർ: എട്ടുമാസമായി ഒഴിഞ്ഞുകിടന്ന യു.ഡി.എഫ് ചെയർമാൻ സ്ഥാനം ടി.വി. ചന്ദ്രമോഹൻ ഏറ്റെടുത്തു. രണ്ടാഴ്ച മുമ്പ് പ്രഖ്യാപനം വന്നെങ്കിലും സംസ്ഥാന യു.ഡി.എഫ് ചെയർമാൻ എം.എം.ഹസന്റെ അസൗകര്യം മൂലം ചടങ്ങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ ഡി.സി.സിയിൽ ചേർന്ന യോഗത്തിൽ ചന്ദ്രമോഹന് മുൻ ചെയർമാൻ എം.പി. വിൻസന്റ് ചുമതല കൈമാറി.ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും എം.എം. ഹസൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എന്തു വിലകൊടുത്തും ഭരണം നിലനിറുത്താനുള്ള നീക്കങ്ങളാകും സി.പി.എം നടത്തുന്നത്. അതു കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ പ്രവർത്തകരും തയ്യാറാകണമെന്നും ഹസൻ വ്യക്തമാക്കി.
തനിക്ക് എവിടെയും സ്വീകരണങ്ങൾ ഒരുക്കേണ്ടേന്നും പകരം പ്രവർത്തനങ്ങൾ നടത്തണമെന്നും യു.ഡി.എഫ് ചെയർമാനായി സ്ഥാനമേറ്റ ടി.വി. ചന്ദ്രമോഹൻ പറഞ്ഞു. അധികാരം കിട്ടിയാലും ഇല്ലെങ്കിലും താൻ പാർട്ടിയുടെ ഒപ്പമാണ്. കഴിഞ്ഞ പത്തു വർഷമായി ഒരുസ്ഥാനവും ഉണ്ടായിരുന്നില്ല. മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ മത്സരിക്കും. എന്ത് വിട്ടുവീഴ്ചയ്ക്കും നേതാക്കളും പ്രവർത്തകരും തയ്യാറാകണമന്നും ചന്ദ്രമോഹൻ പറഞ്ഞു. ചെയർമാനായി ചാർജെടുക്കുന്നതിനു മുമ്പ് മുരളീ മന്ദിരത്തിലെത്തി കെ.കരുണാകരന്റെ കുടീരത്തിൽ പുഷ്പാർച്ചന നടത്തി.മുൻ ചെയർമാൻ എം.പി. വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, യു.ഡി.എഫ് കൺവീനർ കെ.ആർ. ഗിരിജൻ, സി.വി. കുരിയാക്കോസ്, സി.എച്ച് റഷീദ്, എം.പി. പോളി, അനിൽ അക്കര തുടങ്ങിയവർ പങ്കെടുത്തു.
ടി.എൻ. പ്രതാപനും ജോസ് വള്ളൂരും വിട്ടുനിന്നു
യു.ഡി.എഫ് ചെയർമാനായി ടി.വി. ചന്ദ്രമോഹന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപനും മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരം വിട്ടുനിന്നു. ഇവർ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ചർച്ചയായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തേറമ്പിൽ രാമകൃഷ്ണൻ പങ്കെടുത്തില്ല. ഇടഞ്ഞുനിന്ന മറ്റ് എ ഗ്രൂപ്പ് നേതാക്കളായ പി.എ. മാധവനും ഒ. അബ്ദുറഹ്മാൻ കുട്ടിയും അനിൽ അക്കരയും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ഐ ഗ്രൂപ്പിൽ ടി.വി. ചന്ദ്രമോഹനോടൊപ്പമായിരുന്നു ജോസ് വള്ളൂർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ തോൽവിയെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ടി.വി. ചന്ദ്രമോഹന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണമെന്ന് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |