SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

മുറിവ് കൊണ്ട്, മുറിവ് തുടയ്ക്കുന്നവർ

roban

  • തനിക്ക് ലഭിച്ച ചികിത്സാ സഹായത്തിൽ നിന്ന് വൃക്കരോഗിക്ക് ധനസഹായം നൽകി സുഹൃത്ത്

തൃശൂർ : ബ്രെയിൻ ട്യൂമർ ബാധിച്ച് ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ഘട്ടത്തിലേക്ക് തന്റെ ശരീരത്തെ പ്രാപ്തനാക്കാനുള്ള തയ്യാറെടുപ്പിലാണ് അരിമ്പൂർ കൈപ്പിള്ളി ലക്ഷംവീട് ഉന്നതിയിൽ റോബൻ (53). പക്ഷേ ആ വേദനകളും നൊമ്പരങ്ങളും മനസിനെ അലട്ടുമ്പോഴും, മറ്റുള്ളവരെയും കാരുണ്യത്തോടെ ചേർത്തുപിടിക്കുകയാണ് അയാൾ. തന്റെ ചികിത്സയ്ക്കായി നാടൊന്നാകെ നൽകുന്ന സഹായത്തിൽ നിന്ന് പതിനായിരം രൂപ സുഹൃത്തും മുൻ അരിമ്പൂർ പഞ്ചായത്ത് അംഗവുമായിരുന്ന മുരളിയുടെ തുടർചികിത്സയ്ക്കായി നൽകി. 45 കാരനായ മുരളി കഴിഞ്ഞ കുറെ നാളായി വൃക്ക രോഗം ബാധിച്ച് ചികിത്സയിലാണ്.
അനുയോജ്യമായ വൃക്ക ലഭിക്കാത്തതിനാൽ മുരളിയുടെ ചികിത്സ വഴിമുട്ടി. പ്രിയ സുഹൃത്തിന്റെ ദുരിതം അറിയാവുന്ന റോബൻ തനിക്ക് കിട്ടിയ സഹായത്തിൽ നിന്ന് ഒരു പങ്ക് നൽകി. ഏതാനും മാസം മുമ്പാണ് റോബനെ ട്യൂമർ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ഘട്ട ചികിത്സ കഴിഞ്ഞ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.
വാർക്കപണിക്കാരനായ റോബൻ ചെറുപ്പം മുതലേ നാടകാഭിനയവും കവിതയെഴുത്തുമെല്ലാമായി കലാരംഗത്തും സജീവമാണ്. പതിനഞ്ചോളം അമേച്വർ നാടകങ്ങളിലും നിരവധി ഏകാംഗ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംഗീതനാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ മികച്ച നാടകനടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. മുറിവേറ്റവരുടെ സുവിശേഷങ്ങൾ എന്ന ആദ്യ കവിതാ സമാഹാരത്തിനും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
ഈ നേട്ടങ്ങൾക്കെല്ലാമിടയിലാണ് ട്യൂമർ എന്ന രോഗം വില്ലാനായെത്തിയത്. ശാരീരിക അവശതകളുള്ള അമ്മയും ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക അത്താണിയാണ്. നിലവിൽ താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. മികച്ച നാടക രചനക്കുള്ള സംസ്ഥാന അവാർഡ് നേടിയ പരേതനായ അരിമ്പൂർ പാപ്പച്ചന്റെയും നാടകപ്രവർത്തക പ്രേമയുടെയും മകനാണ്. സുഹൃത്തിന് നൽകാനുള്ള തുക അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന് റോബൻ വീട്ടിൽ വച്ച് കൈമാറി. വൈസ് പ്രസിഡന്റ് സി.ജി.സജീഷ്, വാർഡ് അംഗം ജില്ലി വിൽസൺ എന്നിവർ പങ്കെടുത്തു.


കലയെയും സാഹിത്യത്തെയും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മനുഷ്യസ്‌നേഹി. തന്റെ ആ മുറിവുകൾക്കിടയിലും മറ്റുള്ളവർക്കായി നൊമ്പരപ്പെടുന്ന മനസ് നല്ല മനുഷ്യത്വത്തിന്റെ ലക്ഷണമാണ്!

ഫാ.റോയി വടക്കൻ
എറവ് കപ്പൽ പള്ളി വികാരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL