
തൃശൂർ: ഒരു അവധിക്കാലം കൂടി വന്നെത്തുകയായി. അവധിക്കാലത്തെ ആഘോഷവേളകളാക്കനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾ. പഠിപ്പിന്റെ പിരിമുറുക്കത്തിൽ നിന്നുള്ള മോചനം. സാധാരണക്കാരെ സംബന്ധിച്ച് ജില്ലയിലെ ഉല്ലാസ കേന്ദ്രങ്ങളാണ് ആശ്രയം. എന്നാൽ, ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എല്ലാം പൂർണസജ്ജമല്ലാത്തത് നിരാശ പകരുന്നു. പല കേന്ദ്രങ്ങളും നിർമ്മാണം നടക്കുന്നതിനാൽ അടച്ചിട്ടിരിക്കുകയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ ഡി.ടി.പി.സിയുടെ കീഴിലാണ്. ഇതിന് പുറമേ മൃഗശാല, ശക്തൻ മ്യുസിയം, നെഹ്‌റു പാർക്ക് എന്നിവിടങ്ങളെല്ലാം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
ശക്തൻ കൊട്ടാരം
കോടികൾ ചെലവഴിച്ച് നവീകരണം നടത്തിയ ശക്തൻ കൊട്ടാരം സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുകയാണ്. ഡിസംബർ അവധിക്കാലത്ത് പ്രതിദിനം 3000 പേർ എത്തിയിരുന്നു.
മൃഗശാല
പുത്തൂർ സുവോളജിക്കൽ പാർക്ക് എന്ന് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും സഞ്ചാരികളുടെ മുഖ്യ ആകർഷണം ചെമ്പൂക്കാവിലെ മൃഗശാല തന്നെയാണ്. മൃഗങ്ങളുടെഎണ്ണം കുറഞ്ഞു വരുമ്പോഴും സന്ദർശകരുടെ എണ്ണത്തിൽ കുറവില്ല.
ഡി.ടി.പി.സിയുടെ കീഴിൽ
ചാവക്കാട് ബീച്ച്
തീരദേശം കേന്ദ്രീകരിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ചാവക്കാട് ബീച്ച്. ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്, എ.ടി.വി ബൈക്ക്, കുതിര സവാരി എന്നിവയെല്ലാം ഇവിടെയുണ്ട്. വൈകിട്ട് ആറര വരെയാണ് പ്രവേശനം.
ഏനാമാവ് കായൽ ടൂറിസം
കായൽ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന ഇടമാണ് ഏനാമാവിലേത്. രാത്രി എട്ടരവരെ പ്രവേശനം ഉണ്ടെങ്കിലും കായാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്ക് ആറവരെയാണ് പ്രവേശനം.
വിലങ്ങൻകുന്നിലേക്ക് കടമ്പളേറെ
ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് വിലങ്ങൻകുന്നെങ്കിലും അവിടെയെത്താനുള്ള റോഡിനോട് ബന്ധപ്പെട്ടവർ കാണിക്കുന്ന അവഗണന മൂലം ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ്. കുട്ടികളുടെ പാർക്കും വ്യു പോയന്റും ഉണ്ടെങ്കിലും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം എല്ലാവരും മുഖം തിരിക്കുകയാണ്. നല്ലൊരു അമ്യുസ്‌മെന്റ് പാർക്ക് ഉണ്ടെങ്കിലും വഴി മോശമായതിനാൽ നടത്തിപ്പിന്റെ കരാറെടുക്കാൻ മടിക്കുകയാണ് പലരും. ഇത് മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയാണ്.
തുമ്പൂർമുഴിയിൽ നിന്ന് ടൂർ പാക്കേജ്
തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധിപ്പിച്ച് അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത്, മലക്കപ്പാറ കേന്ദ്രീകരിച്ചുള്ള പാക്കേജിനാണ് ഡി.ടി.പി.സി രൂപം നൽകിയിരിക്കുന്നത്. ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന പാക്കേജിന് ഒരാൾക്ക് ഭക്ഷണമുൾപ്പെടെ 1200 രൂപയാണ്.
ഡാം സൗന്ദര്യം നിരാശപ്പെടുത്തും
പീച്ചി, വാഴാനി ഡാമുകളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് നിരാശയാകും ഫലം. വാഴാനിയിൽ മ്യൂസിക് ഫൗണ്ടന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തിയാകാൻ മാസങ്ങളെടുക്കും. വാഴാനിയിൽ ആകെയുള്ളത് ഗാർഡൻ മാത്രമാണ്. കളിയുപകരണങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്.
സ്‌നേഹ തീരം ക്ലോസഡ്
നിർമ്മാണ പ്രവർത്തനം നടക്കുന്ന തളിക്കുളം സ്‌നേഹതീരം പാർക്ക് അടച്ചിട്ടിരിക്കുകയാണ്. വൈദ്യുതീകരണം ഉൾപ്പടെ പൂർത്തിയാക്കി ഏപ്രിലിൽ പൂർത്തിയാക്കാമെന്നാണ് ഉറപ്പെങ്കിലും സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. പൂമല ഡാമുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഓണത്തിനേ പൂർത്തിയാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |