തൃശൂർ: നാല് ജില്ലകളിലെ ജനങ്ങൾ ആശ്രയിക്കുന്ന മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരില്ലാതെ വലഞ്ഞ് രോഗികളും മറ്റ് ജീവനക്കാരും. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ആശ്രയിക്കുന്ന മെഡിക്കൽ കോളേജിലെ പ്രധാന സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഡോക്ടർമാരെ നിയമിക്കുന്നതിൽ ആരോഗ്യവകുപ്പ് കാണിക്കുന്ന അനാസ്ഥ മൂലം അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
നെഫ്രോളജി, ഗ്യാസ്‌ട്രോ, യൂറോളജി, ന്യൂറോളജി, റൂമറ്റോളജി വിഭാഗത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഈ വിഭാഗങ്ങളിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. നിലവിൽ പി.ജി ഡോക്ടർമാരെ നിയമിക്കുന്ന തരത്തിൽ മെഡിക്കൽ സ്‌പെഷ്യാലിറ്റി, സർജിക്കൽ സ്‌പെഷ്യാലിറ്റി എന്നീ വിഭാഗങ്ങളിൽ അസോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരെ നിയമിച്ചാൽ മാത്രമാണ് ജനങ്ങൾക്ക് കൂടുതൽ സേവനം ലഭിക്കുകയുള്ളൂവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മറ്റ് പല കോളേജിലും ഇത്തരം നടപടി പൂർത്തിയായെങ്കിലും തൃശൂർ മെഡിക്കൽ കോളേജിൽ മെല്ലെപ്പോക്ക് നയമാണ്. കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് സംബന്ധിച്ച വാർത്ത കഴിഞ്ഞദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളുമായി വൈകിട്ട് മൂന്നിന് ശേഷം മെഡിക്കൽ കോളേജിൽ എത്തിയാൽ ആൻജിയോഗ്രാം ഉൾപ്പെടെയുള്ളവ നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
യൂറോളജിയിൽ രണ്ട് ജില്ലയ്ക്ക് ഒരാൾ... !
യൂറോളജിയിൽ വിഭാഗത്തിൽ മെഡിക്കൽ കോളേജിനും എറണാകുളം മെഡിക്കൽ കോളേജിനുമായി ഒരു ഡോക്ടർ മാത്രമാണുള്ളത്. അതുകൊണ്ട് ഈ വിഭാഗങ്ങളിലെ ഒ.പി ആഴ്ചയിൽ ഒരു ദിവസമാക്കി ചുരുക്കി. ചികിത്സ 250 പേർക്കും. നിരവധി രോഗികളാണ് ആഴ്ചയിൽ ഒരു ദിവസം മാത്രം പ്രവർത്തിക്കുന്ന ഒ.പിയിലെത്തി ചികിത്സ കിട്ടാതെ മടങ്ങുന്നത്. ഗ്യാസ്‌ട്രോ വിഭാഗത്തിൽ കഴിഞ്ഞ രണ്ട് വർഷമായും മറ്റു ചികിത്സാ വിഭാഗങ്ങളിൽ മാസങ്ങളായും ഈ അവസ്ഥ തുടരുകയാണ്.
സ്‌കാനിംഗും ദുരിതം
ഗുരുതര രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളുടെ സ്‌കാനിംഗ് നടപടികളും വലിയ ദുരിതത്തിലാണ്. സ്‌കാൻ ചെയ്യാനായി തീയതി ലഭിക്കാൻ രണ്ട് മാസം കാത്തിരിക്കണം. സ്‌കാൻ ചെയ്തു കഴിഞ്ഞാൽ ഫലം ലഭിക്കാൻ വീണ്ടും പത്ത് ദിവസവും കാത്തിരിക്കണം. റിപ്പോർട്ട് തയ്യാറാക്കാൻ ഡോക്ടറില്ലെന്ന ന്യായീകരണമാണ് ജീവനക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |