വരന്തരപ്പിള്ളി: ചിമ്മിനി ഡാം സന്ദർശിക്കാനെത്തിയ വനിതകൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ പേരും വിലാസവും വനപാലകർ എഴുതി എടുത്തതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ജീവനക്കാർ ജോലിക്കെത്തിയ സ്വകാര്യ ബസ് നാട്ടുകാരുടെ നേതൃത്വത്തിൽ എച്ചിപ്പാറയിൽ തടഞ്ഞിട്ടു. കാട്ടുതീ വ്യാപകമായതോടെ ചിമ്മിനി ഡാം സന്ദർശനത്തിന് വനംവകുപ്പ് നിയന്ത്രണം എർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ് സന്ദർശക സംഘം ചിമ്മിനിയിലെത്തിയത്. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇവർ ഡാമിൽ ഇറങ്ങി കുളിക്കുകയും അനുവാദം ഇല്ലാത്ത സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തതായി പറയുന്നു. സ്വകാര്യ ബസിൽ ഡാംസൈറ്റിൽ ഇറങ്ങിയ സന്ദർശകർ തിരിച്ച് പോവുമ്പോഴാണ് ബസ് തടഞ്ഞിട്ട് യാത്രക്കാരെ പുറത്തിറക്കി പേരും വിലാസവും എഴുതിയെടുത്തത്. സ്വകാര്യ ബസിന്റെ സമയം നഷ്ടപ്പെട്ടു എന്ന പരാതിയും ഉയർന്നിരുന്നു. പ്രദേശവാസികളുടെ വേണ്ടപ്പെട്ടവരായിരുന്നു സന്ദർശകർ എന്നാണ് പറയുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാരിൽ ചിലർ വനംവകുപ്പ് ജീവനക്കാർ ജോലിക്ക് എത്തിയ സ്വകാര്യബസ് രാവിലെ 9.45ഓടെ തടഞ്ഞിട്ടത്. ആരും പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. സന്ദർശകർക്ക് നിയന്ത്രണം വന്നതോടെ ഡാം പരിസരത്തുള്ള കച്ചവടക്കാരുടെയും സ്വകാര്യ ബസുകാരുടെയും പിന്തുണ ബസ് തടഞ്ഞവർക്കുണ്ടെന്ന് പറയുന്നു.
ഡാം ഇറിഗേഷന്റേത്, പണം പിരിക്കുന്നത് വനംവകുപ്പ്
കോടികൾ ചെലവിട്ട് ഡാം നിർമ്മിച്ചത് ഇറിഗേഷൻ വകുപ്പ്. ഡാമിലെത്തുന്ന സന്ദർശകരിൽ നിന്നും വാഹനങ്ങളിൽ നിന്നും ഫീ ചുമത്തുന്നത് വനം വകുപ്പും. വനം വകുപ്പിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്താണ് ഇറിഗേഷൻ വകുപ്പ് ഡാം നിർമ്മിച്ചിട്ടുള്ളത്. സന്ദർശകരിൽ നിന്നും ഫീ ചുമത്താൻ ആർക്കാണ് അവകാശം എന്ന കാര്യത്തിൽ സന്ദർശകർക്കും നാട്ടുകാർക്കും വ്യക്തതയില്ല. ഇതേച്ചൊല്ലി പലപ്പോഴും തർക്കം പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |