SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

വിവാദത്തിരി അണയാതെ പൂരം വെടിക്കെട്ട്

pooram

തൃശൂർ: പൂരം ഭംഗിയായി നടത്താൻ അവസരമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും വെടിക്കെട്ടിന്റെ കാര്യത്തിൽ ഇനിയും തീരുമാനം അകലെ. ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി പരിഹരിച്ചതോടെ ആശ്വാസമായി. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഒഴിവാക്കാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും പരിഹാരമായേക്കില്ല. മാസങ്ങൾക്ക് മുമ്പേ കേന്ദ്രസഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി പൂരപ്പറമ്പിൽ നേരിട്ടെത്തി അളവെടുത്ത് ആളുകൾ നിൽക്കുന്നത് സംബന്ധിച്ചും മറ്റും ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം വന്നപ്പോൾ തിരിച്ചടിയായി. വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രനിയമം പാലിച്ചാൽ പൂരപ്പറമ്പിൽ വെടിക്കെട്ട് നടത്താനാകില്ല. വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്തേണ്ടത് എന്നാണ് നിയമം പറയുന്നത്. ഇതിൽ ഭേദഗതി വരുത്തണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. കൂടാതെ ബാരിക്കേഡിൽ നിന്ന് 100 മീറ്റർ അകലെയായിരിക്കണം കാണികളെ നിറുത്തേണ്ടത്. കേന്ദ്രമന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുത്ത് ഈ നിർദ്ദേശങ്ങളിൽ ഇളവ് വരുത്താനാണ് സംസ്ഥാനം സമ്മർദ്ദം ചെലുത്തുന്നത്.
കഴിഞ്ഞ പൂരത്തിന് രാത്രി തിരുവമ്പാടി എഴുന്നള്ളിപ്പ് നിറുത്തിവച്ചതിന് പിന്നാലെ പ്രധാനമായും വെടിക്കെട്ടാണ് വൈകിയത്. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് പകലാണ് നടത്താനായത്. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ പൂരത്തിന് പ്രതിസന്ധിയുണ്ടായിരുന്നില്ല. പക്ഷേ കർശന നിയന്ത്രണമുള്ള നിയമം വന്നതോടെയാണ് ഇത്തവണ വെടിക്കെട്ട് പ്രതിസന്ധിയിലായത്.

വെടിക്കെട്ട് ഒരുക്കമാരംഭിച്ചു

വെടിക്കെട്ട് നടത്താൻ കഴിയുമോയെന്ന ആശങ്കയുണ്ടെങ്കിലും വെടിക്കെട്ടിനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. അവസാനനിമിഷം വരെ കാത്തിരുന്നാൽ വെടിക്കെട്ട് നടത്താനാകില്ല. എല്ലാ വർഷവും വെടിക്കെട്ട് സംബന്ധിച്ച് പ്രതിസന്ധിയുണ്ടാകാറുണ്ട്. അവസാനനിമിഷം അതൊക്കെ മറികടക്കും. എന്നാൽ ഇത്തവണ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ എന്താവുമെന്ന് കണ്ടറിയേണ്ടി വരും.


തൃശൂർ എം.പി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി വെടിക്കെട്ട് സുഗമമായി നടത്താനുള്ള വഴി തേടണം. വിഷയം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല. ഇതുസംബന്ധിച്ച് സുരേഷ് ഗോപി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്. തൃശൂർ പൂരത്തിന്റെ പ്രധാന ഭാഗമാണ് വെടിക്കെട്ട്.

പാറമേക്കാവ് - തിരുവമ്പാടി
ദേവസ്വം ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL