SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

അരങ്ങുവിട്ട് നിത്യഹരിത നായകൻ, 'മോഹമുണ്ടെങ്കിലും വയ്യ... '

photo

തൃശൂർ: 'ഈയിടെ ഗുരുവായൂർ ഉത്സവത്തിനും കഥകളി അവതരിപ്പിക്കാൻ വിളിച്ചിരുന്നു. മോഹമുണ്ട്, പക്ഷേ വയ്യ... കാൽമുട്ടിന് കടുത്ത വേദന.'
വിശ്രമജീവിതത്തിലേക്ക് കടന്ന കലാമണ്ഡലം ഗോപിയാശാന്റെ വാക്കുകളിൽ നേരിയ വേദന. കഴിഞ്ഞവർഷം ഗുരുവായൂരിലും കോട്ടയ്ക്കലിലും മാത്രമാണ് വേഷമിട്ടത്. കോട്ടയ്ക്കലായിരുന്നു അവസാന വേദി. പതിനൊന്നാം വയസിൽ പാലക്കാട് പെരിങ്ങോട് മനയ്ക്കലുള്ള വേദിയിൽ ലവണാസുരവധത്തിലെ കുശനായി അരങ്ങേറിയ നിത്യഹരിത നായകൻ കഥകളി അരങ്ങിൽ നിന്നിറങ്ങുമ്പോൾ പ്രായം 87. ജനുവരി 11ന് തൃശൂരിൽ 'മനോരഥം' എന്ന സ്വന്തം കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയിൽ ഇനി അരങ്ങിലേക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാൽ കവിതയിൽ കൈമുദ്രയുണ്ടാകുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും മനസ് ഉറയ്ക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. വള്ളത്തോൾ കവിതകളായിരുന്നു കവിതയിലേക്ക് അടുപ്പിച്ചത്. മനോരഥത്തിലെ ആദ്യ കവിത വള്ളത്തോളിനെക്കുറിച്ചായിരുന്നു. ഭീമനായും ബാഹുകനായും നളനായും രൗദ്രഭീമനായും കൃഷ്ണനായും അർജുനനായും ഏഴര പതിറ്റാണ്ട്പകർന്നാടിയ നടന ഇതിഹാസം പേരാമംഗലത്തെ വീട്ടിൽ വിശ്രമിക്കുകയാണെങ്കിലും ഫോൺ നിലയ്ക്കാതെ ശബ്ദിക്കുന്നു. അരങ്ങിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ് കലാകേരളം 'ഓർമയിലെ പച്ചകൾ' (ആത്മകഥ), 'നളചരിതപ്രഭാവം' (പഠനം) എന്നീ പുസ്തകങ്ങൾ പുറത്തിറക്കി. കൊവിഡ് കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. അക്കാലത്തെഴുതിയ 54 കവിതകളുടെ സമാഹാരം 2021ൽ 'അമ്മ'യെന്ന പേരിൽ പ്രസിദ്ധീകരിച്ചു.


ഓട്ടൻതുള്ളലും പഠിച്ചു

വടക്കേ മണാളത്ത് ഗോവിന്ദൻ എന്നായിരുന്നു മുഴുവൻ പേര്. അച്ഛൻ വടക്കത്ത് ഗോപാലൻ നായർ. അമ്മ ഉണ്യാദി നങ്ങമ്മ. ജനനം പാലക്കാട് കോതചിറ (കൂറ്റനാടിനടുത്ത്). പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം ഓട്ടൻതുള്ളൽ പഠിച്ചു. പിന്നെ നാഗലശ്ശേരി കൂടല്ലൂർ മനയ്ക്കൽ കഥകളി പഠിക്കാനാരംഭിച്ചു. അതിനുശേഷം 1951ൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി. 1992ൽ പ്രിൻസിപ്പലായി റിട്ടയർ ചെയ്തു.


''കാലിന്റെ അവശത കാരണം മനസിനുമുണ്ട് വേദന. അതുകൊണ്ടാകാം കവിതയും വരാത്തത്...''
കലാമണ്ഡലം ഗോപി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL